ഇന്ത്യയിലെ ഈ വര്‍ഷത്തെ ഏറ്റവും ശക്തരായ സി.ഇ.ഒ മാരില്‍ ഒരാളായി ഇക്കണോമിക് ടൈംസ് ദിനപത്രം തെരഞ്ഞെടുത്തത് ഒരു ബാങ്കറെയാണ്-രാജ്യത്തെ ഏറ്റവും വലിയ ദേശസാല്‍കൃത ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്‌റ്ററുമായ കെ.ആര്‍ കാമത്തിനെ. കാസര്‍ഗോഡ് സ്വദേശിയായ കാമത്തിന്റെ ഔദ്യോഗിക ജീവിതം കോര്‍പ്പറേഷന്‍ ബാങ്കിലാണ് ആരംഭിക്കുന്നത്. 1977ല്‍ ഓഫീസര്‍ ട്രെയ്‌നിയായി ചേര്‍ന്ന കാമത്ത് പിന്നീട് ഉന്നത പദവികളിലെത്തുകയും കോര്‍പ്പറേഷന്‍ ബാങ്കിന്റെ വളര്‍ച്ചയ്‌ക്ക് സമഗ്രസംഭാവനകള്‍ നല്‍കുകയും ചെയ്‌തു. ബാങ്കിനെ 100 ശതമാനവും കംപ്യൂട്ടര്‍വല്‍ക്കരിക്കാനും ശക്തമായ വിപണന ടീമിനെ കെട്ടിപ്പടുക്കാനും നേതൃത്വം നല്‍കിയ കാമത്ത് 2009ല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ എക്‌സിക്യൂട്ടിവ് ഡയറക്‌റ്ററായി നിയമിതനായി. 2008ല്‍ അലഹാബാദ് ബാങ്കില്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്‌റ്ററുമായി നിയമിതനായതോടെ ഇന്ത്യന്‍ ബാങ്കിംഗ് രംഗത്തെ ശ്രദ്ധേയ സാന്നിധ്യമായി അദ്ദേഹം മാറി. കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറിലാണ് പി.എന്‍.ബിയുടെ ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍മാനും മാനേജിംഗ് ഡയറക്‌റ്ററുമായി അദ്ദേഹം ചുമതലയേറ്റത്. സംഘപ്രവൃത്തിയില്‍ വിശ്വസിക്കുന്ന അദ്ദേഹം വിജയത്തിന്റെ പരിപൂര്‍ണ ഉത്തരവാദിത്തം ടീം അംഗങ്ങള്‍ക്ക് നല്‍കുകയും പരാജയങ്ങളുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുകയും ചെയ്യുന്ന ശൈലിയാണ് മാനേജ്‌മെന്റ് രംഗത്ത് പിന്തുടരുന്നത്. മൂന്നര ദശാബ്‌ദക്കാലത്തെ അനുഭവ സമ്പത്തുമായി ഇന്ത്യന്‍ ബാങ്കിംഗ് രംഗത്തിനാകെ ദിശാബോധം നല്‍കുന്ന കെ.ആര്‍ കാമത്ത് തന്റെ ഭാവി പദ്ധതികള്‍ ധനവുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കുന്നു
? കേരളത്തില്‍ എന്തൊക്കെ വികസന പരിപാടികളാണ് നടപ്പാക്കുക?
കേരളത്തില്‍ വന്‍തോതില്‍ വികസനത്തിന് പരിപാടിയുണ്ട്. ഇപ്പോള്‍ ഇവിടെ 140 ശാഖകളുണ്ട്. ഞങ്ങള്‍ക്ക് അതിനെ പൂര്‍ണമായ രീതിയില്‍ പ്രയോജനപ്പെടുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അതിന് കുറച്ചുകൂടി ഫോക്കസ് വേണമായിരുന്നു. അതിനാണ് ഞങ്ങള്‍ എറണാകുളത്ത് പുതിയ സര്‍ക്കിള്‍ ഓഫീസ് തുടങ്ങിയത്. നേരത്തേ കോഴിക്കോട് നിന്നായിരുന്നു കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ നിയന്ത്രിച്ചിരുന്നത്. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകള്‍ അടങ്ങുന്ന പുതിയ സര്‍ക്കിള്‍ രൂപീകരിച്ചതോടെ ദക്ഷിണ കേരളത്തിലെ ബിസിനസിന് കൂടുതല്‍ ഊന്നല്‍ നല്‍കാന്‍ കഴിയും.
നെടുങ്ങാടി ബാങ്കിനെ ഏറ്റെടുത്ത ശേഷം പി.എന്‍.ബി വളരെ വലിയ ഒരു വികസന പരിപാടി നടപ്പാക്കും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അത് സംഭവിച്ചില്ല. കാരണം എന്താണ്?
ഏത് ബാങ്ക് ഏറ്റെടുത്താലും ഒരു `ട്രാന്‍സിഷന്‍ പീരീഡ്' ഉണ്ട്. ഏറ്റെടുക്കപ്പെടുന്ന ബാങ്കിലെ ജീവനക്കാര്‍ക്ക് തന്നെ പുതിയ സാഹചര്യവുമായി പൊരുത്തപ്പെടണം. പുതിയ സാഹചര്യത്തിലും അവര്‍ പഴയ ബാങ്കിനെക്കുറിച്ച് ചിന്തിക്കും. നെടുങ്ങാടി ബാങ്കുമായുള്ള ലയനം ആവശ്യമായിരുന്നോ അല്ലയോ എന്നോ എങ്ങനെ അത് സംഭവിച്ചു എന്നോ ഞാന്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ല. ലയനം സംഭവിച്ചു. ഇനി പഴയ നെടുങ്ങാടി ബാങ്കിലെ ജീവനക്കാര്‍ പി.എന്‍.ബിയില്‍ സുഖകരമാകുകയും പി.എന്‍.ബിയുടെ ബ്രാന്‍ഡ് ഇമേജിന്റെ നേട്ടം ഉണ്ടാക്കുകയും ചെയ്യണം. നെടുങ്ങാടി ബാങ്കിന് അതിന്റേതായ ബ്രാന്‍ഡ് ഇമേജ് ഉണ്ടായിരുന്നു. ഇതും പിഎന്‍ബിയുടെ ഇമേജും ഒരുമിച്ച് ചേര്‍ത്ത് പ്രയോജനപ്പെടുത്തണം. അപ്പോഴാണ് ബിസിനസ് വര്‍ധിക്കുക. ഇക്കാര്യം സംഭവിക്കുന്നതില്‍ കുറച്ച് സമയം നഷ്‌ടപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ട് എന്ന് ഞാന്‍ വിചാരിക്കുന്നു. കേരളത്തില്‍ നിന്നുള്ള ഒരാള്‍ എന്ന നിലയില്‍ നഷ്‌ടപ്പെട്ട ഈ സമയം വീണ്ടെടുക്കാന്‍ വേണ്ടത് ചെയ്യും.
പഴയ തലമുറ സ്വകാര്യ മേഖല ബാങ്കുകള്‍ക്ക് എത്രകാലം ഭാവിയുണ്ടെന്നാണ് താങ്കളുടെ വിലയിരുത്തല്‍?
അവര്‍ക്കും അവരുടേതായ നിലനില്‍പ്പ് ഉണ്ട്. ചില ആവശ്യങ്ങള്‍ നിറവേറ്റാനാണ് അത്തരം ബാങ്കുകള്‍ രൂപീകൃതമായത്. ഇത്തരം ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇവയ്‌ക്ക് തുടര്‍ന്നു കഴിയുക തന്നെ ചെയ്യും. പക്ഷേ അവര്‍ക്ക് നിരവധി വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടി വരും. വലിയ മല്‍സരമാണ് വരുന്നത്. വലുപ്പവും മൂലധനവുമൊക്കെ പ്രശ്‌നമാകും. വെല്ലുവിളികളെ കഴിയുന്നത്ര വേഗം അവയ്‌ക്ക് നേരിടാനാകണം. സേവനത്തിന്റെ കാര്യത്തിലും
സാങ്കേതിക വിദ്യാ സ്വീകരണത്തിന്റെ കാര്യത്തിലും കൂടുതല്‍ കുതിപ്പ് ആവശ്യമാണ്. അവയ്‌ക്ക് അതിനു കഴിയും. പുതുതലമുറ സ്വകാര്യ ബാങ്കുകള്‍ വന്നപ്പോള്‍ എല്ലാവരും പറഞ്ഞു ഇതോടെ പഴയ തലമുറ പൊതുമേഖല ബാങ്കുകള്‍ പ്രതിസന്ധിയിലാകുമെന്ന്. പക്ഷേ എത്ര വേഗമാണ് പൊതുമേഖലാ ബാങ്കുകള്‍ ഈ വെല്ലുവിളികളെ അതിജീവിച്ചത്. ഇന്ന് ഒരു രീതിയിലും പുതുതലമുറ ബാങ്കുകള്‍ക്ക് പിന്നിലല്ല ഞങ്ങള്‍.
എന്നാല്‍ പഴയ തലമുറ സ്വകാര്യ ബാങ്കുകള്‍ക്ക് ഇത്തരം വെല്ലുവിളികള്‍ നേരിടുക എന്നത് എളുപ്പമാണോ?
നിലനില്‍പ്പിന് അത് അനിവാര്യമാണ് എങ്കില്‍ അതിനുള്ള കഴിവ് ആര്‍ജിച്ചുകൊള്ളും. ഒരാളെ വെള്ളത്തിലേക്ക് തള്ളിയിടുന്നതുപോലെയാണ് അത്. നീന്തല്‍ അറിയാമെങ്കിലും ഇല്ലെങ്കിലും രക്ഷപെടാനുള്ള വഴികള്‍ തേടിക്കൊള്ളും. അതുപോലെ വെല്ലുവിളികളിലേക്ക് തള്ളിയിടപ്പെട്ടാല്‍ അതിനെ നേരിടാനുള്ള വഴികളും അവര്‍ കണ്ടെത്തിക്കൊള്ളും.
പരസ്‌പരം ലയിച്ച് ഇവര്‍ക്ക് പ്രശ്‌നം നേരിടാനാകുമോ?
ലയനം ഒരു പരിഹാരമാണ്. എന്നാല്‍ അത് മാത്രമാണ് ഏക പരിഹാരം എന്ന് ഞാന്‍ കരുതുന്നില്ല. ഒറ്റയ്‌ക്ക് കൈകാര്യം ചെയ്യാന്‍ കഴിയില്ല എന്നുവന്നാല്‍ ലയനത്തിന്റെ പാത സ്വീകരിക്കാം. മല്‍സരിക്കാന്‍ കഴിയില്ല എങ്കില്‍ കണ്‍സോളിഡേറ്റ് ചെയ്യൂ എന്ന ഒരു ചൊല്ല് തന്നെ ഉണ്ടല്ലോ. എല്ലാ പഴയ തലമുറ സ്വകാര്യ ബാങ്കുകളും കോര്‍ ബാങ്കിംഗിലാണ് പ്രവര്‍ത്തിക്കുന്നത്. സാങ്കേതിക വിദ്യാ നവീകരണത്തിനുള്ള പ്രാഥമിക മുതല്‍മുടക്കെല്ലാം ഇവര്‍ നടത്തിക്കഴിഞ്ഞു എന്നര്‍ത്ഥം. കേരളം ആസ്ഥാനമായ സ്വകാര്യ ബാങ്കുകളെക്കുറിച്ച് ഞാന്‍ വിശദമായി പഠിച്ചിട്ടില്ല. അവര്‍ ചെറിയ ഒരു ഏരിയായിലാണ് പ്രവര്‍ത്തിക്കുന്നതെന്നതും അതുകൊണ്ട് അവസരങ്ങള്‍ പരിമിതമാണെന്നതും അവരെ ബാധിക്കുന്ന ഒരു പ്രശ്‌നമാണ്. എന്നാല്‍ ചില വലിയ ബാങ്കുകള്‍ മറ്റ് മേഖലകളിലേക്കും കടന്നുകയറുകയും നന്നായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.
പുതിയ ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ ലൈസന്‍സ് നല്‍കാന്‍ പോവുകയാണല്ലോ. ഇത് ഇന്ത്യന്‍ ബാങ്കിംഗ് രംഗത്ത് എന്തൊക്കെ മാറ്റങ്ങള്‍ വരുത്തും?
പുതിയ ബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കും എന്ന് ബജറ്റില്‍ പ്രഖ്യാപനം വന്നിട്ടുണ്ട്. എന്നാല്‍ ഒറ്റ ദിവസം കൊണ്ട് നിരവധി ബാങ്കുകള്‍ വരും എന്ന് അര്‍ത്ഥമില്ല. ആര്‍.ബി.ഐ ഇതിനായി ചട്ടങ്ങള്‍ തയാറാക്കണം. പ്രതിവര്‍ഷം ഒന്നോ രണ്ടോ ബാങ്കുകള്‍ക്കേ ആര്‍.ബി.ഐ ലൈസന്‍സ് നല്‍കൂ എന്നാണ് വ്യക്തിപരമായി ഞാന്‍ വിശ്വസിക്കുന്നത്. പുതുതലമുറ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയപ്പോള്‍ എന്താണ് സംഭവിച്ചത്? ചിലത് നിലനിന്നു. ചിലത് മറ്റുള്ളവയുമായി ലയിച്ചു. ഇന്ന് ഇവിടെ ആവശ്യത്തിന് ബാങ്കുകളുണ്ട്. പക്ഷേ പുതിയ ബാങ്കുകളുടെ കടന്നുവരവിനെ ആര്‍ക്കും തടയാന്‍ കഴിയില്ല. മുമ്പ് 12 ഓളം പുതിയ ബാങ്കുകള്‍ വന്നതില്‍ നാലോളം ബാങ്കുകള്‍ക്കേ സ്വന്തം നിലയില്‍ നിലനില്‍ക്കാന്‍ കഴിഞ്ഞുള്ളൂ. അതുകൊണ്ട് അന്നത്തേതുപോലെ 10-12 ബാങ്കുകള്‍ക്ക് ഒരുമിച്ച് ലൈസന്‍സ് നല്‍കും എന്ന് ഞാന്‍ കരുതുന്നില്ല.
ഇത്തരം പുതിയ ബാങ്കുകളുടെ ബിസിനസ് മോഡല്‍ എന്തായിരിക്കുമെന്നാണ് താങ്കള്‍ കരുതുന്നത്?
സാധാരണഗതിയില്‍ ഓര്‍ഗാനിക് ആയ രീതിയില്‍ (സ്വാഭാവിക വളര്‍ച്ചാരീതി) തുടങ്ങാനാണ് എല്ലാവരും ശ്രമിക്കുക. നല്ല അവസരം വരുമ്പോള്‍ ഇനോര്‍ഗാനിക് രീതികളും (മറ്റുള്ളവയെ ഏറ്റെടുത്തുകൊണ്ടുള്ള വളര്‍ച്ചാ രീതി) നോക്കും. ഇനോര്‍ഗാനിക് ആയ വളര്‍ച്ച അത്ര അനായാസമായ കാര്യമല്ല. അതിന് അതിന്റേതായ ബുദ്ധിമുട്ടുകളുണ്ട്. എവിടെയെല്ലാം ലയനം നടന്നിട്ടുണ്ടോ അവിടെയെല്ലാം ചില കാര്യങ്ങളിലേക്ക് ആ ബാങ്കിന് തിരിച്ചെത്താന്‍ സമയം വേണ്ടിവന്നിട്ടുണ്ട്. വ്യത്യസ്‌ത സംസ്‌കാരങ്ങളെയും രീതികളെയും ആണ് ലയിപ്പിക്കേണ്ടത്. അതുകൊണ്ട് പുതിയ ബാങ്കുകള്‍ ആദ്യം ഓര്‍ഗാനിക് ആയ രീതിയിലാണ് തുടങ്ങാന്‍ സാധ്യത.
ഇനോര്‍ഗാനിക് വളര്‍ച്ചയ്‌ക്ക് ഇവയ്‌ക്ക് മുമ്പില്‍ ഇന്ത്യയില്‍ ആവശ്യത്തിന് അവസരങ്ങളുണ്ടോ?
ഇവിടെ സംഭവിച്ചിട്ടുള്ള മിക്ക ലയനങ്ങളും നിര്‍ബന്ധിതമായിട്ടുള്ള ലയനങ്ങളാണ്. ഒരു ബാങ്ക് നിലനില്‍ക്കാന്‍ പറ്റാത്ത വിധം ദുര്‍ബലമാകുമ്പോഴാണ് മറ്റൊരു ബാങ്കില്‍ ലയിക്കുക. രണ്ട് ശക്തമായ ബാങ്കുകള്‍ ചേര്‍ന്ന് പുതിയ ബാങ്കാകുന്ന സാഹചര്യം ഇവിടെ വന്നുതുടങ്ങിയിട്ടില്ല. നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി വേണം. രാഷ്‌ട്രീയ കാലാവസ്ഥയും അനുകൂലമാകണം. ഇതേക്കുറിച്ച് ഇപ്പോള്‍ ആരോഗ്യകരമായ ചര്‍ച്ചകള്‍ നടക്കുന്നു എന്നതാണ് ഏറ്റവും നല്ലകാര്യം.
ഇന്ത്യന്‍ ബാങ്കുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍ എന്തൊക്കെയാണ്?
കൂടുതല്‍ വളരാന്‍ മൂലധനം ആവശ്യമാണ്. എങ്ങനെ ഇത് കണ്ടെത്തുമെന്നതാണ് ബാങ്കുകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പൊതുമേഖല ബാങ്കുകള്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി ആവശ്യത്തിന് ആളെ ജോലിക്ക് കിട്ടാത്തതാണ്. 1969 ലെ ദേശസാല്‍ക്കരണത്തിന് ശേഷം വന്‍തോതില്‍ റിക്രൂട്ട്‌മെന്റ് നടത്തി നിരവധിപ്പേരെ എടുത്തിരുന്നു. അവരെല്ലാം ജോലിയില്‍ നിന്ന് വിരമിക്കാന്‍ പോവുകയാണ്. 2012 ഓടെ വന്‍തോതിലുള്ള റിട്ടയര്‍മെന്റാണ് ഉണ്ടാകാന്‍ പോകുന്നത്. പക്വതയാര്‍ന്ന ഈ നേതൃത്വ നിരയെ എങ്ങനെ പുനഃസ്ഥാപിക്കുമെന്നത് വലിയ വെല്ലുവിളിയാണ്. ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷനാണ് മറ്റൊരു വെല്ലുവിളി. ബാങ്കിംഗ് സേവനത്തിന് പുറത്താണ് ഇന്ത്യയിലെ ജനസംഖ്യയുടെ 60 ശതമാനവും. അവരെ എങ്ങനെ ഇതിലേക്ക് കൊണ്ടുവരും? എല്ലാവരെയും കൊണ്ട് വെറുതെ ഒരു എക്കൗണ്ട് തുറപ്പിച്ചതുകൊണ്ട് കാര്യമില്ല. അവരെ വിവിധ സാമ്പത്തിക ഉല്‍പ്പന്നങ്ങളുടെ ഗുണഭോക്താക്കളാക്കണം.
ഇത്തരം വെല്ലുവിളികളെ പി.എന്‍.ബി എങ്ങനെയാണ് നേരിടുന്നത്?
ഞങ്ങള്‍ ഒരു പിന്തുടര്‍ച്ചാ പ്ലാന്‍ ബാങ്കില്‍ ഉണ്ടാക്കിയിട്ടുണ്ട്. ബാങ്കില്‍ ഇനി ദീര്‍ഘകാലം ഉണ്ടായിരിക്കുന്ന ആളുകളെ ഞങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 2020നുശേഷവും ബാങ്കില്‍ സേവനം തുടരുന്നവരുടെ ഒരു ട്വന്റി ട്വന്റി ടീം ഞങ്ങള്‍ ഉണ്ടാക്കിയിരിക്കുകയാണ്. അവരെ ഭാവിയിലെ വെല്ലുവിളികളെയും ചുമതലകളെയും നേരിടാന്‍ പാകത്തില്‍ വളര്‍ത്തിക്കൊണ്ടു
വരും. 60 ഓളം പേരുണ്ട് ഇപ്പോള്‍ ഈ ഗ്രൂപ്പില്‍.
പലിശ നിരക്കിന്റെ ഗതിയെക്കുറിച്ചുള്ള താങ്കളുടെ വിലയിരുത്തല്‍ എന്താണ്?
ഇപ്പോള്‍ നമ്മള്‍ പലിശ നിരക്ക് സ്ഥിരതയാര്‍ജിച്ച യുഗത്തിലാണ്. ആര്‍.ബി.ഐ പലിശ നിരക്കിനെ ബാധിക്കുന്ന എന്തു തീരുമാനം എടുത്താലും ബാങ്കുകള്‍ അത് ജനങ്ങളുടെ മേല്‍ ചുമത്തില്ല എന്ന് പൊതുവെ വിശ്വാസമുണ്ട്. പലിശ നിരക്ക് ഉയരാനുള്ള സാധ്യതയെക്കുറിച്ച് ആര്‍.ബി.ഐ തന്നെ സൂചന നല്‍കുന്നുണ്ട്. ഉയരുന്ന നാണ്യപ്പെരുപ്പ നിരക്കും വലിയ ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഇത് തടയാന്‍ ആര്‍.ബി.ഐ എടുക്കുന്ന നടപടികള്‍ പലിശ നിരക്ക് ഉയര്‍ത്തും. എട്ട് ശതമാനം ജി.ഡി.പി വളര്‍ച്ചയാണ് നമ്മള്‍ പ്രതീക്ഷിക്കുന്നത്. ആ വളര്‍ച്ച നേടണമെങ്കില്‍ സമ്പദ്‌വ്യവസ്ഥയ്‌ക്ക് ആവശ്യമായ ക്രെഡിറ്റ് ലഭിക്കണം. നാണ്യപ്പെരുപ്പത്തെ നിയന്ത്രിക്കുകയും സാമ്പത്തിക വളര്‍ച്ചയെ അഭിവൃദ്ധിപ്പെടുത്തുകയും വേണം. അതുകൊണ്ട് ഗവണ്‍മെന്റും ആര്‍.ബി.ഐയും ലിക്വിഡിറ്റിയെ കാര്യമായി സ്‌പര്‍ശിക്കാത്ത നടപടികളാണ് കൈക്കൊള്ളുന്നത്. ആവശ്യത്തിന് ലിക്വിഡിറ്റി ഉള്ളതുകൊണ്ട് പലിശ നിരക്ക് സ്ഥിരമായി തുടരുന്നു.
പി.എന്‍.ബിയിലെ ഭാവി വികസന പരിപാടികള്‍ എന്തൊക്കെയാണ്?
ബാങ്കിന് സമഗ്ര വളര്‍ച്ച നേടിക്കൊടുക്കുന്ന `വിഷന്‍ 2013' ഞാന്‍ ചേരുന്നതിനുമുമ്പ് തന്നെ ഡയറക്‌റ്റര്‍ ബോര്‍ഡ് ആവിഷ്‌കരിച്ചിരുന്നു. ബാങ്കിന്റെ ബിസിനസിലും, ശാഖകളുടെ എണ്ണത്തിലും ഉപഭോക്തൃ അടിത്തറയിലും വന്‍ കുതിച്ചുചാട്ടം ലക്ഷ്യമിട്ടിട്ടുള്ള വിഷനാണ് നടപ്പാക്കുന്നത്. ബാങ്കിന്റെ ഇപ്പോഴത്തെ ഉപഭോക്തൃ അടിത്തറ 5.6 കോടി ആണ്. അത് 15 കോടി ആക്കി മാറ്റും. 4.36 ലക്ഷം കോടിയാണ് ഇപ്പോഴത്തെ ബിസിനസ്. അത് 10 ലക്ഷം കോടിയാക്കണം. 2013 ഓടെ ഒരു ലക്ഷം ടച്ച് പോയ്‌ന്റുകളും ബാങ്കിന് ഉണ്ടാകും. ശാഖകള്‍, എ.റ്റി.എം, കിയോസ്‌കുകള്‍, ബിസിനസ് കറസ്‌പോണ്ടന്റ്‌സ് തുടങ്ങിയവ അടങ്ങിയതാണ് ടച്ച് പോയ്‌ന്റുകള്‍.
ബാങ്കിംഗില്‍ പുതു തരംഗം സൃഷ്‌ടിച്ച് പഞ്ചാബ് നാഷണല്‍ ബാങ്ക്
ഇന്ത്യയിലെ ബാങ്കിംഗ് രംഗത്ത് പുതു തരംഗം സൃഷ്‌ടിച്ച് മുന്നേറുകയാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് (പി.എന്‍.ബി). മൊത്തം ബിസിനസ്, ശാഖാ ശൃംഖല, സാങ്കേതിക വിദ്യ തുടങ്ങിയവയുടെ കാര്യത്തില്‍ ഇന്ത്യയിലെ ബാങ്കുകള്‍ക്കിടയ്‌ക്ക് തല ഉയര്‍ത്തിപ്പിടിച്ചുനില്‍ക്കുന്ന പി.എന്‍.ബി അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ വന്‍ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയൊട്ടാകെയുള്ള ജനങ്ങള്‍ക്ക് വൈവിധ്യമാര്‍ന്ന സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കിക്കൊണ്ട് ആഗോള ബാങ്ക് ആയിത്തീരുക എന്നതാണ് ബാങ്കിന്റെ `വിഷന്‍'. ബാങ്കിംഗ് സേവനം ലഭ്യമാകാത്തവരുടെ ബാങ്കായിമാറുക എന്നത് പി.എന്‍.ബി സ്വന്തം ദൗത്യമായി ഏറ്റെടുത്തിരിക്കുന്നു.
അവിഭക്ത ഇന്ത്യയുടെ ഭാഗമായ ലാഹോറില്‍ 1895ലാണ് പി.എന്‍.ബി പിറക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള മൂലധനം കൊണ്ട് രൂപീകൃതമായ ആദ്യ ബാങ്കെന്ന ഖ്യാതിയും പി.എന്‍.ബിക്ക് സ്വന്തം. 110 വര്‍ഷത്തിലേറെക്കാലത്തെ പാരമ്പര്യമുള്ള ബാങ്ക് ലോകത്തെ ഏറ്റവും വലിയ 28ാമത്തെ ബാങ്ക് ആണ്. ലോകത്തെ പ്രശസ്‌തമായ 50 രാജ്യാന്തര ബാങ്കുകള്‍ക്ക് പി.എന്‍.ബിയിലാണ് റുപ്പി എക്കൗണ്ട് ഉള്ളത്. എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവ കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്കാണ് പി.എന്‍.ബി. ദേശസാല്‍കൃത ബാങ്കുകള്‍ക്കിടയില്‍ നേതൃസ്ഥാനമുള്ള പി.എന്‍.ബി വളര്‍ച്ച, അടിസ്ഥാന ബാങ്കിംഗ് സേവനങ്ങള്‍, മൂല്യവര്‍ധിത സേവനങ്ങള്‍, വൈവിധ്യമാര്‍ന്ന ധനകാര്യ സേവനങ്ങള്‍ തുടങ്ങിയവയുടെ കാര്യത്തിലും മറ്റു മുന്‍നിര ബാങ്കുകള്‍ക്കിടയില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നു. സ്റ്റേറ്റ് ബാങ്ക് കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ശാഖകളുള്ള ബാങ്കാണ് 5000ത്തിലേറെ ശാഖകളുള്ള പി.എന്‍.ബി. ഇടപാടുകാര്‍ക്ക് ഏറ്റവും മികച്ച സേവനം ലഭ്യമാക്കാനായി സാങ്കേതിക വിദ്യയെ ഫലപ്രദമായി ഉപയോഗിക്കുന്ന പി.എന്‍.ബി 3000ത്തോളം വരുന്ന ഗ്രാമീണ, അര്‍ധ നഗര ശാഖകളില്‍ വരെ എനിവേര്‍ ബാങ്കിംഗ് സൗകര്യം നല്‍കുന്നു.
ബാങ്കിംഗ് സേവനം ഇന്ത്യയിലെ സമസ്‌ത ജനങ്ങള്‍ക്കും ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ പദ്ധതി നടപ്പാക്കുന്നതിലും പി.എന്‍.ബി ബഹുദൂരം മുന്നിലാണ്. ബയോമെട്രിക് സ്‌മാര്‍ട് കാര്‍ഡ്, ബിസിനസ് കറസ്‌പോണ്ടന്റ്‌സ്, ബിസിനസ് ഫസിലിറ്റേറ്റര്‍ എന്നിവയുടെ ഫലപ്രദമായ വിനിയോഗത്തിലൂടെയാണ് പി.എന്‍.ബി ലക്ഷ്യം കൈവരിക്കുന്നത്.
സമഗ്ര വളര്‍ച്ച ലക്ഷ്യമിടുന്ന `വിഷന്‍ 2013' നടപ്പാക്കുകയാണ് ചെയര്‍മാനും മാനേജിംഗ് ഡയറക്‌റ്ററുമായ കെ.ആര്‍ കാമത്തിന്റെ നേതൃത്വത്തില്‍ പി.എന്‍.ബി. ബാങ്കിന്റെ ബിസിനസിലും, ശാഖകളുടെ എണ്ണത്തിലും ഉപഭോക്തൃ അടിത്തറയിലും ദ്രുത വളര്‍ച്ചയാണ് വിഷന്‍ 2013 ലക്ഷ്യമിടുന്നത്. ``മൂന്നുവര്‍ഷത്തിനുള്ളില്‍ ബാങ്കിന്റെ ഇപ്പോഴത്തെ ഉപഭോക്താക്കളുടെ എണ്ണം 5.6 കോടിയില്‍ നിന്ന് 15 കോടി ആക്കി മാറ്റുക, 4.36 ലക്ഷം കോടി രൂപയുടെ ഇപ്പോഴത്തെ ബിസിനസ് 10 ലക്ഷം കോടി രൂപയാക്കുക, ഒരു ലക്ഷം ടച്ച് പോയ്‌ന്റുകള്‍ ഇന്ത്യയൊട്ടാകെ സ്ഥാപിക്കുക എന്നിവയ്‌ക്കായുള്ള പരിശ്രമത്തിലാണ് ഞങ്ങള്‍'' കെ.ആര്‍ കാമത്ത് പറഞ്ഞു.
മൊത്തം ബിസിനസില്‍ കഴിഞ്ഞ വര്‍ഷം തൊട്ടുമുന്‍ വര്‍ഷത്തേക്കാള്‍ 20 ശതമാനം വളര്‍ച്ചയാണ് ബാങ്ക് കൈവരിച്ചത്. നിക്ഷേപത്തിന്റെ കാര്യത്തില്‍ 19 ശതമാനവും വായ്‌പയുടെ കാര്യത്തില്‍ 21 ശതമാനവും വളര്‍ച്ച ബാങ്ക് നേടി.
ബാങ്കിന് വളരെ ചുരുങ്ങിയ ചെലവില്‍ ഫണ്ട് നല്‍കുന്ന കറന്റ്, സേവിംഗ്‌സ് എക്കൗണ്ടുകളുടെ കാര്യത്തില്‍ 40.85 ശതമാനം വളര്‍ച്ച നേടി മറ്റ് ബാങ്കുകളേക്കാള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പി.എന്‍.ബി മുന്നിലെത്തിയിരുന്നു.
പ്രവര്‍ത്തന രംഗത്തെ മികവിന് ബാങ്ക് കഴിഞ്ഞയിടെ നിരവധി അംഗീകാരങ്ങളും നേടിയിരുന്നു. സ്റ്റാന്റിംഗ് കോണ്‍ഫ്രന്‍സ് ഓഫ് പബ്ലിക് എന്റര്‍പ്രൈസസിന്റെ കോര്‍പ്പറേറ്റ് ഗവേണന്‍സിനുള്ള സ്‌കോപ് മെറിറ്റോറിയസ് അവാര്‍ഡ്, ഇന്ത്യയിലെ ഏറ്റവും മികച്ച ബാങ്കുകളെ കണ്ടെത്താനുള്ള ഫിനാന്‍ഷ്യല്‍ എക്‌സ്‌പ്രസ്- ഏണസ്റ്റ് ആന്‍ഡ് യംഗ് സര്‍വേയില്‍ ദേശസാല്‍കൃത ബാങ്കുകള്‍ക്കിടയിലെ മികച്ച ബാങ്കിനുള്ള അവാര്‍ഡ്, ഉപഭോക്തൃ സംതൃപ്‌തി അളക്കാനുള്ള എച്ച്.റ്റി മാര്‍സ് സര്‍വേയില്‍ ഡല്‍ഹിയിലെയും ചെന്നൈയിലെയും ഏറ്റവും മികച്ച ബാങ്കിനുള്ള അവാര്‍ഡ് തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു.
കേരളത്തില്‍ സാന്നിധ്യം ശക്തമാക്കാന്‍ വിവിധ നടപടികള്‍
കേരളത്തിലെ ബാങ്കിംഗ് രംഗത്ത് സാന്നിധ്യം ശക്തമാക്കാന്‍ തയാറെടുക്കുകയാണ് പഞ്ചാബ് നാഷണല്‍ ബാങ്ക്. കേരളത്തിലെ എല്ലാ ജില്ലകളിലുമായി 140 ശാഖകളാണ് ബാങ്കിന് ഇപ്പോഴുള്ളത്. ഇതില്‍ എട്ടെണ്ണം ഗ്രാമീണ മേഖലകളിലും 94 എണ്ണം സെമി അര്‍ബന്‍ മേഖലയിലും 38 എണ്ണം അര്‍ബന്‍ മേഖലയിലുമാണ്. കേരളമൊട്ടാകെ 55 എ.റ്റി.എമ്മുകളും പ്രവര്‍ത്തിക്കുന്നു.
S. Ran ganathan
2010 ജൂണ്‍ വരെയുള്ള കണക്ക് പ്രകാരം കേരളത്തില്‍ നിന്നുള്ള ബാങ്കിന്റെ ബിസിനസ് 4680 കോടി രൂപയാണ്. തൊട്ടു മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 29 ശതമാനം വളര്‍ച്ചയാണ് മൊത്തം ബിസിനസില്‍ നേടിയത്. മൊത്ത നിക്ഷേപം 2480 കോടി രൂപയാണ്. 20 ശതമാനം വളര്‍ച്ചയാണ് ഇതില്‍ നേടിയത്. വായ്‌പയാകട്ടെ 40 ശതമാനം വളര്‍ച്ചയോടെ 2200 കോടി രൂപയായി.
S. Babu
റീറ്റെയ്‌ല്‍ വായ്‌പാ ബിസിനസില്‍ കൂടുതല്‍ ഊന്നല്‍ വിദ്യാഭ്യാസ വായ്‌പയ്‌ക്ക് നല്‍കിയതിന്റെ ഭാഗമായി 36 ശതമാനം വളര്‍ച്ചയാണ് ഇക്കാര്യത്തില്‍ കൈവരിച്ചത്. വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള വായ്‌പയുടെ കാര്യത്തില്‍ 108 ശതമാനം വളര്‍ച്ചയും കൈവരിച്ചു.
സേവനത്തില്‍ വൈവിധ്യം
ക്രെഡിറ്റ് കാര്‍ഡ്, മ്യൂച്ചല്‍ ഫണ്ട് വില്‍പ്പന ഊര്‍ജിതപ്പെടുത്താന്‍ പ്രത്യേക പ്രചാരണ പരിപാടികളും ബാങ്ക് ആരംഭിച്ചിരിക്കുകയാണ്. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്ന് പി.എന്‍.ബി റോയല്‍ മെഡിക്ലയിം പോളിസിയും ബാങ്ക് ആവിഷ്‌കരിച്ചിട്ടുണ്ട്. ഇത് പ്രകാരം അഞ്ച് മുതല്‍ 80 വയസുവരെയുള്ളവര്‍ക്ക് മെഡിക്ലെയിം ഇന്‍ഷുറന്‍സിന്റെ ആനുകൂല്യം ലഭിക്കും. ഒരു ലക്ഷം രൂപയുടെ കവറേജിന് ഈ രംഗത്തെ ഏറ്റവും കുറഞ്ഞ പ്രീമിയമാണ് പി.എന്‍.ബി ഈടാക്കുന്നത്-1717 രൂപ.
ബാങ്കിന്റെ മൊത്തത്തിലുള്ള എന്‍.ആര്‍.ഇ നിക്ഷേപത്തിന്റെ ഏഴ് ശതമാനം കേരളത്തില്‍ നിന്നാണ്. എന്‍.ആര്‍.ഐ കള്‍ക്ക് മികച്ച സേവനം നല്‍കാനായി ബാങ്ക് നിരവധി പുതിയ പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. വിദേശ ഇന്ത്യാക്കാരില്‍ നിന്ന് പണം സ്വീകരിച്ച് ഏറ്റവും വേഗത്തില്‍ അവരുടെ എക്കൗണ്ടുകളിലേക്ക് വരവ് വെക്കുന്ന ജോലികളുടെ കേന്ദ്രീകൃത ഏകോപനത്തിനായി ന്യൂഡല്‍ഹിയില്‍ ഇന്റര്‍നാഷണല്‍ സര്‍വീസ് ബ്രാഞ്ചും തുടങ്ങിയിട്ടുണ്ട്.
K.V Rajesh
എറണാകുളത്ത് പുതിയ സര്‍ക്കിള്‍ ഓഫീസ് തുടങ്ങിയത് കേരളത്തില്‍ നിന്ന് പരമാവധി ബിസിനസ് നേടുന്നതിന് ഏറെ സഹായിക്കുമെന്ന് സര്‍ക്കിള്‍ ഹെഡ് കെ.വി രാജേഷ് പറഞ്ഞു. വിദേശ മലയാളികളില്‍ നിന്നുള്ള നിക്ഷേപം വന്‍തോതില്‍ ആകര്‍ഷിക്കാന്‍ കൂടുതല്‍ ശ്രദ്ധചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. ``ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്റെ ഭാഗമായി കൂടുതല്‍ പേരെ ബാങ്കിംഗ് സേവനത്തിന്റെ പരിധിയില്‍ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുന്നതിനൊപ്പം സ്വയം സഹായ സംഘങ്ങള്‍ക്കും സൂഷ്‌മ, ചെറുകിട സംരംഭങ്ങള്‍ക്കുമുള്ള വായ്‌പകള്‍ കൂടുതല്‍ നല്‍കാനും ശ്രദ്ധിക്കും'' രാജേഷ് വ്യക്തമാക്കി. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളാണ് എറണാകുളം സര്‍ക്കിളിന്റെ പരിധിയില്‍ വരുക.
പ്രവര്‍ത്തനം സജീവമാകുന്നു
പാലക്കാട് മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളാണ് കോഴിക്കോട് സര്‍ക്കിളിന്റെ കീഴില്‍ വരുന്നത്. നേരത്തെ കോഴിക്കോട് റീജണല്‍ ഓഫീസായിരുന്നു പി.എന്‍.ബിയുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്. രണ്ട് സര്‍ക്കിളായി വിഭജിച്ചതോടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ കഴിയുന്നതായി കോഴിക്കോട് സര്‍ക്കിള്‍ ഹെഡ് എസ്. ബാബു പറഞ്ഞു. മലപ്പുറം ജില്ലയില്‍ എന്‍.ആര്‍.ഐ നിക്ഷേപ സമാഹരണത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിനൊപ്പം മലബാര്‍ മേഖലയില്‍ ഹൗസിംഗ്, റീറ്റെയ്‌ല്‍ വായ്‌പകള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
''വാണിജ്യ തലസ്ഥാനമായ കൊച്ചി ആസ്ഥാനമാക്കി മറ്റൊരു സര്‍ക്കിള്‍ ഓഫീസ് തുറന്നത് എന്‍.ആര്‍.ഐ അടക്കം കൂടുതല്‍ മേഖലകളില്‍ ഊന്നല്‍ നല്‍കാനും ബിസിനസ് രംഗത്ത് ഒരു കുതിച്ചുചാട്ടം ഉണ്ടാക്കാനും ഉപകരിക്കും. ഇപ്പോള്‍ എന്‍.ആര്‍.ഐ ബിസിനസ് ബാങ്കിന്റെ മൊത്തം ബിസിനസിന്റെ ഒരു ശതമാനം മാത്രമേ വരുന്നുള്ളൂ. ഇത് ഗണ്യമായി ഉയര്‍ത്താന്‍ കഴിയും'', എസ് രംഗനാഥന്‍ ചൂണ്ടിക്കാട്ടി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ഫീല്‍ഡ് ജനറല്‍ മാനേജരാണ് അദ്ദേഹം.
മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഐ.റ്റി മേഖലയിലുണ്ടായിട്ടുള്ള വന്‍ വളര്‍ച്ച ബാങ്കിന്റെ ബിസിനസിലും പ്രതിഫലിക്കുന്നുണ്ട്. കേരളത്തില്‍ ഗവണ്‍മെന്റിന്റെ സാമ്പത്തിക ഇടപാടുകള്‍ മുഴുവന്‍ ഒന്നുരണ്ട് ബാങ്കുകള്‍ കേന്ദ്രീകരിച്ച് ചെയ്യുന്ന ഇപ്പോഴത്തെ രീതിയില്‍ വ്യത്യാസം വന്നാല്‍ കൂടുതല്‍ ബിസിനസ് നേടിയെടുക്കാന്‍ കഴിയുമെന്നും രംഗനാഥന്‍ പറഞ്ഞു.
|