രാജ്യാന്തര തലത്തിലുള്ള റബര്‍, ടയര്‍ വ്യവസായ രംഗത്തെ പ്രമുഖര്‍ ഓഗസ്റ്റ് 14ന് കൊച്ചിയിലെ റമദ റിസോര്‍ട്ട്‌സില്‍ സംഗമിക്കുന്നു; ഇന്ത്യ റബര്‍ സമിറ്റ് ആന്‍ഡ് ഡിന്നര്‍ 2010ല്‍ സംബന്ധിക്കാന്‍. 2008 ഓഗസ്റ്റ് 16ന് ഇന്ത്യയില്‍ തന്നെ ഇദംപ്രഥമമായി അരങ്ങേറിയ ഇന്ത്യ റബര്‍ സമിറ്റ് ആന്‍ഡ് ഡിന്നറിന്റെ തിളക്കമാര്‍ന്ന വിജയത്തില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട് ഈ വര്‍ഷം സംഘടിപ്പിക്കുന്ന റബര്‍ സമിറ്റിന്റെ മുഖ്യ സ്‌പോണ്‍സര്‍ അപ്പോളോ ടയേഴ്‌സാണ്. നാഷണല്‍ മള്‍ട്ടി കമോഡിറ്റി എക്‌സ്‌ചേഞ്ച് (എന്‍.എം.സി.ഇ) ആണ് സമ്മിറ്റിന്റെ എക്‌സ്‌ചേഞ്ച് പാര്‍ട്‌ണര്‍
ഏഷ്യയിലെ നമ്പര്‍ വണ്‍ റബര്‍ മാഗസിനും ധനത്തിന്റെ സഹോദര പ്രസിദ്ധീകരണവുമായ റബര്‍ ഏഷ്യ ഓള്‍ ഇന്ത്യ റബര്‍ ഇന്‍ഡസ്‌ട്രീസ് അസോസിയേഷന്‍ (എ.ഐ.ആര്‍.ഐ.എ), ഇന്ത്യന്‍ റബര്‍ ബോര്‍ഡ്, ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്‌ചറേഴ്‌സ് അസോസിയേഷന്‍ (എ.റ്റി.എം.എ) എന്നിവയുമായി സഹകരിച്ച് നടത്തുന്ന സമിറ്റിന്റെ ഒരുക്കങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്.
റബര്‍, ടയര്‍ വ്യവസായ രംഗത്തെ സമകാലീന സാഹചര്യങ്ങള്‍ കണക്കിലെടുത്ത് `എന്‍.ആര്‍: പ്രൈസ് ട്രെന്‍ഡ്‌സ് ആന്‍ഡ് സപ്ലൈ കണ്‍സ്‌ട്രെയ്‌ന്റ്‌സ്' എന്ന വിഷയത്തെ ആധാരമാക്കിയാണ് സെക്കന്റ് എഡിഷന്‍ റബര്‍ സമിറ്റ് അരങ്ങേറുന്നത്. ``റബര്‍ സമിറ്റിന്റെ മുഖ്യാകര്‍ഷണം രാജ്യാന്തര റബര്‍ വ്യവസായ മേഖലയിലെ പ്രമുഖരും വിദഗ്‌ധരും സജീവമായി സംബന്ധിക്കുന്ന രാജ്യാന്തര സെമിനാറാണ്. റബര്‍ വിലയും ഉല്‍പ്പാദനവും ചര്‍ച്ചാവിഷയമായ സാഹചര്യത്തില്‍ അതേ വിഷയം തന്നെയാണ് സെമിനാറിന് ആധാരമാക്കുന്നത്,'' റബര്‍ ഏഷ്യയുടെ എഡിറ്റര്‍ കുര്യന്‍ ഏബ്രഹാം വ്യക്തമാക്കുന്നു.
രാവിലെ നടക്കുന്ന രാജ്യാന്തര സെമിനാറിനെ പിന്തുടര്‍ന്ന് ഉച്ചയ്‌ക്ക് ഒരു മണിക്കൂര്‍ നീളുന്ന നാല് പ്രസന്റേഷനുകളുമുണ്ടാകും.
സെമിനാറിലും ഡിന്നറിലും സംബന്ധിക്കാന്‍ പ്രമുഖരുടെ നീണ്ട നിര തന്നെയാണ് റമദയിലെത്തുന്നത്. ഇന്റര്‍നാഷണല്‍ റബര്‍ സ്റ്റഡി ഗ്രൂപ്പ് (ഐ.ആര്‍.എസ്.ജി) സെക്രട്ടറി ജനറല്‍ ഡോ. സ്റ്റീഫന്‍ വി. ഇവാന്‍സ്, ഇന്ത്യന്‍ റബര്‍ ബോര്‍ഡ് ചെയര്‍മാന്‍, അപ്പോളോ ടയേഴ്‌സ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സുനം സര്‍ക്കാര്‍, കാപെക്‌സില്‍ റബര്‍ പ്രോഡക്‌റ്റ്‌സ് പാനല്‍ ചെയര്‍മാന്‍ എം.എഫ് വോറ, (എ.ഐ.ആര്‍.ഐ.എ) പ്രസിഡന്റ് റ്റി.കെ മുഖര്‍ജി, എ.റ്റി.എം.എ ഡയറക്‌റ്റര്‍ ജനറല്‍ രാജീവ് ബുധരാജ, ചൈന മെസ്‌നാക് വൈസ് പ്രസിഡന്റ് ലീ ഷാവോഫെംഗ്, ചൈന യുണൈറ്റഡ് റബര്‍ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ ജെയ്‌സന്‍ മാ, നാഷണല്‍ മള്‍ട്ടി കമോഡിറ്റി എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ് (എന്‍.എം.സി.ഇ) മാനേജിംഗ് ഡയറക്‌റ്റര്‍ അനില്‍ മിശ്ര തുടങ്ങിയവരെല്ലാം റബര്‍ സമിറ്റില്‍ സംസാരിക്കാനെത്തും.
``ഇന്ത്യയില്‍ ഇദംപ്രഥമമായി 2008ല്‍ നടത്തിയ റബര്‍ സമിറ്റിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമായി 350ലേറെ പ്രതിനിധികള്‍ ആദ്യ റബര്‍ സമിറ്റില്‍ സംബന്ധിക്കാനെത്തി. ഈ വര്‍ഷം ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് 450ലേറെ പ്രതിനിധികളെയാണ്,'' സമിറ്റിന്റെ മുഖ്യ ശില്‍പ്പിയും റബര്‍ ഏഷ്യയുടെ എക്‌സിക്യൂട്ടിവ് ഡയറക്‌റ്ററുമായ ജോണ്‍ എസ്. പൗവത്ത് വ്യക്തമാക്കുന്നു.
റബര്‍ ഉല്‍പ്പന്ന നിര്‍മാതാക്കള്‍, പ്രകൃതിദത്ത റബര്‍ ഉല്‍പ്പാദകര്‍, ടയര്‍ നിര്‍മാതാക്കള്‍, റബര്‍/ടയര്‍ മെഷിനറി നിര്‍മാതാക്കള്‍, പ്ലാന്റര്‍മാര്‍, പ്രകൃതിദത്ത, സിന്തൈറ്റിക് റബര്‍ ഇറക്കുമതി/കയറ്റുമതിക്കാര്‍, വ്യാപാരികള്‍, അസംസ്‌കൃത വസ്‌തുക്കളുടെ വിതരണക്കാര്‍ തുടങ്ങിയ റബര്‍, ടയര്‍ വ്യവസായ രംഗവുമായി ബന്ധപ്പെട്ട ഏല്ലാ മേഖലയില്‍ നിന്നുമുള്ളവരുമായി ആശയവിനിമയം നടത്താനും ബിസിനസ് ബന്ധങ്ങള്‍ സ്ഥാപിക്കാനുമുള്ള അപൂര്‍വ അവസരം കൂടിയാണ് സമിറ്റ് ഒരുക്കുന്നത്. ദേശീയ തലത്തിലെ പ്രമുഖര്‍ക്കു പുറമേ ചൈന, മലേഷ്യ, തായ്‌ലാന്റ്, ഇന്‍ഡൊനേഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധിസംഘങ്ങളും സമിറ്റില്‍ സംബന്ധിക്കാനെത്തുമെന്ന് സംഘാടകര്‍ വ്യക്തമാക്കുന്നു.
സംഗീതത്തിന്റെയും നൃത്തത്തിന്റെയും അകമ്പടിയോടെയുള്ള നെറ്റ്‌വര്‍ക്ക് ഡിന്നറോടെ റബര്‍ സമിറ്റിന് തിരശീല വീഴും. ജൂലൈ 30ന് മുമ്പുള്ള രജിസ്‌ട്രേഷന്‍ നിരക്ക് 8,000 രൂപയാണ്. സ്‌പോട്ട് രജിസ്‌ട്രേഷന്‍ നിരക്ക് 10,000 രൂപയും. എട്ട് പ്രതിനിധികള്‍ക്കുള്ള റൗണ്ട് ടേബിളിന് ജൂലൈ 30ന് മുമ്പ് 60,000 രൂപയും സ്‌പോട്ട് രജിസ്‌ട്രേഷന് 75,000 രൂപയുമാണ് നിരക്ക്. നികുതികള്‍ പുറമേ. വിവരങ്ങള്‍ക്ക്: റബര്‍ ഏഷ്യ, ധനം പബ്ലിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ചെറുപറമ്പത്ത് റോഡ്, കടവന്ത്ര, കൊച്ചി-682 020, ഫോണ്‍: 0484 2316494, 2315840, ഇ മെയ്‌ല്‍: dhanrubber@ eth.net danam@satyam.net.in |