കൊച്ചു താരങ്ങളുടെ വാശിയേറിയ പോരാട്ടത്തിനായിരിക്കും ഇനി ഓട്ടോമൊബീല്‍ ലോകം സാക്ഷ്യം വഹിക്കുക. ഇപ്പോള്‍ മാരുതി ആധിപത്യം പുലര്‍ത്തുന്ന 800 സിസി വാഹനരംഗത്തേക്ക് കൂടുതല്‍ കമ്പനികള്‍ തങ്ങളുടെ പുതുമോഡലുകളുമായി എത്തുന്നത് ഓട്ടോമൊബീല്‍ രംഗത്ത് പുതിയൊരു മല്‍സരത്തിനായിരിക്കും തുടക്കമിടുക. ഇതോടെ ആള്‍ട്ടോ ഉള്‍പ്പെടുന്ന എ സെഗ്‌മെന്റ് കാറുകളുടെ വിഭാഗത്തില്‍ വലിയൊരു കുതിച്ചുചാട്ടത്തിനായിരിക്കും വഴിതെളിക്കുക.
മാരുതിയെ കൂടാതെ ഹ്യുണ്ടായ്‌ക്കും ടാറ്റയ്‌ക്കുമൊപ്പം ലോകത്തിലെ മുന്‍നിര വാഹന വമ്പനായ ടൊയോട്ടയുമെത്തുന്നു. ഇവര്‍ക്കു പിന്നാലെ മറ്റു കമ്പനികള്‍ എത്താനുള്ള സാധ്യതയുമുണ്ട്.
ഹ്യുണ്ടായിയാണ് ആദ്യമായി തങ്ങളുടെ 800സിസി വാഹനമെത്തുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2012 ഓട്ടോഷോയില്‍ ഈ മോഡല്‍ പ്രദര്‍ശിപ്പിക്കാനാണ് ഹ്യുണ്ടായിയുടെ തീരുമാനം. എന്നാല്‍ ടൊയോട്ടയും ടാറ്റയും തങ്ങളുടെ പദ്ധതികള്‍ അതീവ രഹസ്യമാക്കിയാണ് മുന്നോട്ടു നീക്കുന്നത്.
പോരാട്ടത്തിന് ഹ്യുണ്ടായിയും ടൊയോട്ടയും ടൊയോട്ടയില്‍ നിന്ന് ഇതുവരെ ഔദ്യോഗികമായി യാതൊരു വിവരവും ലഭിച്ചിട്ടില്ലെങ്കിലും എത്തിയോസ് എന്ന ചെറുകാറിന് പിന്നാലെ ഇതും എത്തുമെന്നാണ് വിവരം. 2011 മാര്‍ച്ചിലായിരിക്കും ടൊയോട്ടയുടെ 800 സിസി ചെറുകാറിന്റെ വരവെന്ന് കേള്‍ക്കുന്നുണ്ടെങ്കിലും അത് എത്രത്തോളം പ്രായോഗികമാകുമെന്ന് പറയാനാകില്ല. എന്തായാലും എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിട്ട് തന്നെയാണ് ടൊയോട്ടയുടെ നീക്കങ്ങള്‍. ലോകത്തിലെ ഒന്നാമനായ കാര്‍ കമ്പനിയായ ടൊയോട്ട ഈ രംഗത്തേക്ക് കടക്കുന്നത് ഈ മേഖലയുടെ വളര്‍ച്ചയ്‌ക്ക് കാരണമാകും.
എച്ച് 800 എന്ന കോഡ് നാമം കൊടുത്തിരിക്കുന്ന ഹ്യുണ്ടായിയുടെ 800 സിസി കാര്‍ എന്തായാലും 2012ലേ നിരത്തിലിറങ്ങൂ. സാന്‍ട്രോയുടെ താഴെ രണ്ട് ലക്ഷത്തിനും മൂന്ന് ലക്ഷത്തിനും ഇടയിലായിരിക്കും ഇതിന്റെ വിവിധ വകഭേദങ്ങളുടെ വില. പെട്രോള്‍ വകഭേദമായിരിക്കും ആദ്യം വിപണിയിലിറങ്ങുക
നാനോയ്‌ക്ക് സഹോദരി ടാറ്റയും കാര്യമായിത്തന്നെ എ സെഗ്‌മെന്റ് വിപണി പിടിച്ചടക്കാനുള്ള ഒരുക്കത്തിലാണ്. വിലയില്‍ നാനോയുടെ തൊട്ട് മുകളിലായിരിക്കും പുതിയ കാറിന്റെ സ്ഥാനം. ഈ മോഡലിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അതീവ രഹസ്യമായാണ് കമ്പനി സൂക്ഷിക്കുന്നത്. ടാറ്റയുടെ പൂനയില്‍ നിന്നുള്ള പ്ലാന്റില്‍ നിന്നാകും പുതിയ മോഡലിന്റെ ഉല്‍പ്പാദനം തുടങ്ങുക. പക്ഷെ മറ്റ് പ്രധാന എതിരാളികളുടെ മോഡലുകള്‍ വിപണിയിലെത്തിക്കഴിഞ്ഞ ശേഷമായിരിക്കും ഇവ വരുന്നത്.
കൂടുതല്‍ പേര്‍ എത്തും
യൂറോപ്യന്‍ വിപണിയിലെ ശക്തമായ സാന്നിദ്ധ്യമായ കിയ മോട്ടോഴ്‌സ് ഇന്ത്യയിലെത്താന്‍ തയ്യാറെടുക്കുന്നുണ്ട്. ചെന്നൈയില്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള ഒരുക്കങ്ങളാണ് ഇവര്‍ നടത്തുന്നത്. ഇവര്‍ വിപണിയില്‍ ശക്തമാകുന്നതോടെ `എ' വിഭാഗത്തില്‍ പുതിയ മോഡല്‍ പ്രതീക്ഷിക്കാം. പിന്നീട് ജനറല്‍ മോട്ടോഴ്‌സ്, നിസാന്‍, ഫോര്‍ഡ് പോലുള്ള കൂടുതല്‍ കമ്പനികള്‍ ഈ രംഗത്തെത്താം. ഇവര്‍ക്കെല്ലാം ഇപ്പോള്‍ ചെറുകാറുകളുമുണ്ട്. ഇപ്പോള്‍ത്തന്നെ ജനറല്‍ മോട്ടോഴ്‌സ് സ്‌പാര്‍ക്ക് ലൈറ്റ് എന്ന 800 സിസി മോഡല്‍ വിപണിയിലിറക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നു.
ഇപ്പോള്‍ എ സെഗ്‌മെന്റില്‍ ആധിപത്യം പുലര്‍ത്തുന്നത് മാരുതിയുടെ ആള്‍ട്ടോയാണ്. ഏകദേശം ഇതേ വിലയുള്ള ഷെവര്‍ലെ സ്‌പാര്‍ക് ആകട്ടെ 1000 സിസി വാഹനമാണ്. ആള്‍ട്ടോയെ വെച്ച് നോക്കുമ്പോള്‍ സ്‌പാര്‍ക്കിന്റെ വിപണിവിഹിതം കുറവുമാണ്. പക്ഷെ സ്‌പാര്‍ക് ലൈറ്റ് വരുന്നതോടെ വിപണിയില്‍ അര്‍ഹമായ സ്ഥാനം ഷെവര്‍ലെയും നേടിയെടുത്തേക്കാം.
എന്‍ട്രി ലെവലിലുള്ള അതായത് ആദ്യമായി കാര്‍ വാങ്ങുന്ന ഉപഭോക്താക്കളെയാണ് 800 സിസി വാഹനങ്ങളെല്ലാം ലക്ഷ്യം വെക്കുന്നത്. ഇരുചക്രവാഹനത്തില്‍ നിന്ന് കാറിലേക്ക് മാറാന്‍ സാധ്യതയുള്ള ഉപഭോക്താക്കള്‍ തന്നെയായിരിക്കും ഇവരുടെ പ്രധാന ലക്ഷ്യം.
ഈ രംഗത്തേക്ക് കൂടുതല്‍ പേരെത്തുന്നത് വിപണിയില്‍ മല്‍സരം സൃഷ്‌ടിച്ചേക്കാമെങ്കിലും തികച്ചും പോസിറ്റീവായ മാറ്റമായാണ് കേരളത്തിലെ വാഹനരംഗം കാണുന്നത്. കാരണം കൂടുതല്‍ പേരെത്തുമ്പോള്‍ വിപണി വലുതാകുന്നത് എല്ലാ കമ്പനികള്‍ക്കും ഗുണം ചെയ്യും.