|
വിലയ്‌ക്കൊപ്പം പോര, വിലയിലും ഏറെ മൂല്യം വേണം. ഈ ആപ്‌തവാക്യമാണ് ഇന്ത്യന്‍ മൊബീല്‍ വിപണിയെ നയിക്കുന്നത്. കൂടിയ വില ഈടാക്കി, കുറഞ്ഞ സൗകര്യങ്ങള്‍ നല്‍കിയിരുന്ന വമ്പന്മാരെ കൈവിടുകയാണ് മൊബീല്‍ പ്രേമികള്‍. പകരം ആ സ്ഥാനം പതിയെ കൈയ്യടക്കുകയാണ് ഇന്ത്യന്‍ മൊബീല്‍ കമ്പനികള്‍.
കംപ്യൂട്ടറിന്റേതുപോലെ QWERTY കീപാഡും രണ്ട് സിം ഇടാനുള്ള സൗകര്യവും നല്ല ക്ലാരിറ്റിയുള്ള കാമറയുമൊക്കെ അടങ്ങിയ ഒരു ഫോണ്‍ 3000-4000 രൂപയ്‌ക്ക് ലഭിക്കും. ഇനി ഒരു ടച്ച്‌സ്‌ക്രീന്‍ ഫോണ്‍ വേണോ? 4500 രൂപയ്‌ക്ക് ലഭിക്കും. ഇതൊക്കെ ഒരു വര്‍ഷം മുമ്പ് ങ്കല്‍പ്പിക്കാനാകുമായിരുന്നോ? എന്നാല്‍ ഇതും ഇതിനപ്പുറവും യാഥാര്‍ത്ഥ്യമാക്കാന്‍ ഇന്‍ഡ്യന്‍ കമ്പനികള്‍ക്ക് കഴിഞ്ഞു. അതുതന്നെയാണ് വമ്പന്‍ കമ്പനികളെ വിട്ട് ഉപഭോക്താക്കള്‍ ഇവരിലേക്ക് കൂറുമാറുന്നതിന്റെ കാരണവും.
വന്‍ കമ്പനികളുടെ മോഡല്‍ വാങ്ങാനുറപ്പിച്ച് വരുന്ന ഉപഭോക്താക്കള്‍ പോലും അവസാനനിമിഷം കൂടുതല്‍ ഫീച്ചറുകളുള്ള ഇന്‍ഡ്യന്‍ കമ്പനികളിലേക്ക് മാറുന്ന കാഴ്‌ച സ്ഥിരം ഉണ്ടാകാറുണ്ടെന്ന് മൊബീല്‍ ഷോപ്പുടമകള്‍ പറയുന്നു. ``ആദ്യകാലത്ത് ആളുകള്‍ക്ക് നോക്കിയ വിട്ട് മറ്റൊരു ഹാന്‍ഡ്‌സെറ്റിലേക്കും നോക്കാന്‍ പോലും പേടിയായിരുന്നു. ഇപ്പോഴത് മാറി. ഉപയോഗിച്ചവര്‍ നല്ലത് പറയുന്നതിനാലാണ് മിക്കവരും വീണ്ടും വരുന്നത്,'' എറണാകുളത്തെ പെന്റാമേനകയിലെ ഒരു മള്‍ട്ടിബ്രാന്‍ഡ് മൊബീല്‍ ഷോപ്പുടമ പറയുന്നു.
മൈക്രോമാക്‌സ്, സ്‌പൈസ്, കാര്‍ബണ്‍, ലാവ, ലെമണ്‍, മാക്‌സ് തുടങ്ങിയ കമ്പനികളോടൊപ്പം വീഡിയോകോണ്‍, ഒനീഡ തുടങ്ങിയ ഇന്‍ഡ്യന്‍ കമ്പനികളും സജീവമായി വിപണിയിലുണ്ട്. ചൈനീസ് ഫോണുകളോടുള്ള ഉപഭോക്താവിന്റെ അകല്‍ച്ച ഇവയോട് ഇല്ലത്രെ. എന്തായാലും ഇന്‍ഡ്യന്‍ കമ്പനിയല്ലേ എന്ന ചിന്തയാണ് സാധാരണ ഉപഭോക്താവിനുള്ളത്.
വിസ്‌മയിപ്പിക്കുന്ന കണക്കുകള്‍
2009-2010 സാമ്പത്തികവര്‍ഷം മൊത്തം വില്‍പ്പനയുടെ 14 ശതമാനം വിപണിവിഹിതമാണ് ഇന്ത്യന്‍ കമ്പനികള്‍ നേടിയത്. നോക്കിയ ആധിപത്യം പുലര്‍ത്തിയ വിപണിയില്‍ ഈ നേട്ടം സ്വന്തമാക്കിയത് അത്ര നിസാരമല്ല. 52 ശതമാനം വിപണിവിഹിതത്തോടെ നോക്കിയ തന്നെയാണ് വില്‍പ്പനയില്‍ മുമ്പന്‍. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് പക്ഷെ ഇവരുടെ വരുമാനത്തില്‍ 15 ശതമാനം താഴ്‌ചയുണ്ടായി. 2008 അവസാന പാദത്തില്‍ നോക്കിയക്ക് 75 ശതമാനത്തോളം വിപണിവിഹിതമാണ് ഉണ്ടായിരുന്നത്.
വോയ്‌സ് ആന്‍ഡ് ഡാറ്റ എന്ന ടെലികോം ജേണലിന്റെ പഠനപ്രകാരം കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ വില്‍പ്പനയില്‍ ഇന്ത്യന്‍ കമ്പനികളില്‍ മൈക്രോമാക്‌സ് ആണ് മുന്നില്‍ നില്‍ക്കുന്നത്. മൈക്രോമാക്‌സ് 4.1 ശതമാനം, സ്‌പൈസ് 3.9 ശതമാനം, കാര്‍ബണ്‍ 3 ശതമാനം, ലാവ 1.1 ശതമാനം, ലെമണ്‍ 1 ശതമാനം, മാക്‌സ് 0.9 ശതമാനം എന്നിങ്ങനെയാണ് വിവിധ കമ്പനികളുടെ വിപണിവിഹിതം. കേരളത്തിലെ വിപണിയിലും ഇന്‍ഡ്യന്‍ ഫോണുകളില്‍ മൈക്രോമാക്‌സ് തന്നെയാണ് മുമ്പനെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാണിക്കുന്നു.
സ്ഥാനം കൂടുതല്‍ ശക്തമാകും
പുതിയ കമ്പനികളെത്തുകയും ഇന്ത്യന്‍ മൊബീലുകളുടെ വിപണി കൂടുതല്‍ ശക്തി പ്രാപിക്കുകയും ചെയ്‌തതോടെ ഈ വിപണിവിഹിതം ഇപ്പോള്‍ കൂടിയിട്ടുണ്ട്.
വീഡിയോകോണ്‍ മൊബീല്‍ സര്‍വീസ് കൂടി ആരംഭിക്കുകയും ഒനീഡ ആറ് മാസം മുമ്പ് സജീവമായി രംഗത്തിറങ്ങുകയും കൂടി ചെയ്‌തത് ഈ രണ്ട് കമ്പനികളുടെയും വിപണനത്തെ തുണച്ചിട്ടുണ്ട്.
മുമ്പ് പല ഇന്ത്യന്‍ കമ്പനികളുടെ മോഡലുകളുടെയും ഗുണമേന്മയില്‍ പരാതികളുണ്ടായിരുന്നു. എന്നാല്‍ മല്‍സരം മുറുകിയതോടെ കൂടുതല്‍ കാലം മികച്ച പ്രവര്‍ത്തനം കാഴ്‌ചവെക്കുന്ന ഹാന്‍ഡ്‌സെറ്റുകള്‍ വിപണിയിലിറക്കാന്‍ തുടങ്ങി. ഇതാണ് ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കാന്‍ കഴിഞ്ഞതിന് പ്രധാന കാരണം.
മികച്ച വാറന്റി എല്ലാ ഇന്ത്യന്‍ കമ്പനികളും തന്നെ നല്‍കുന്നത് ഉപഭോക്താവിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. ഐ.എം.ഇ.ഐ നമ്പര്‍ ഇല്ലാത്ത ഫോണുകളെ ഗവണ്‍മെന്റ് നിരോധിച്ചത് ചൈനീസ് ഫോണുകള്‍ക്ക് തിരിച്ചടിയായതും ഇന്ത്യന്‍ ഫോണുകളെ തുണച്ചിട്ടുണ്ട്. മാത്രമല്ല, ഫോണ്‍ ഇടക്കിടക്ക് മാറ്റണമെന്ന ചിന്ത കൊണ്ട് ഒന്ന് മാറി പരീക്ഷിക്കാനും ഉപഭോക്താക്കള്‍ തയ്യാറാകുന്നുണ്ടത്രെ. രണ്ടില്‍ കൂടുതല്‍ ഫോണ്‍ കണക്ഷനുള്ളവരുടെ എണ്ണം വളരെ കൂടുതലായതിനാല്‍ ഡ്യുവല്‍ സിം ഫോണുകളുടെ വില്‍പ്പനയും കേരളത്തില്‍ ഏറെ വര്‍ദ്ധിച്ചിട്ടുണ്ട്.
സൗകര്യങ്ങള്‍ എണ്ണിയാലൊടുങ്ങില്ല
1999 രൂപയ്‌ക്ക് വരെ രണ്ട് സിം കാര്‍ഡ് ഇടാന്‍ പറ്റുന്ന ഡ്യുവല്‍ സിം ഫോണ്‍ കിട്ടും. കുറഞ്ഞ വിലയില്‍ ബ്ലൂടൂത്ത്, വോയ്‌സ്/വീഡിയോ റെക്കോര്‍ഡിംഗ്, 2 മെഗാപിക്‌സല്‍ ക്ലാരിറ്റിയുള്ള കാമറ, എഫ്.എം തുടങ്ങിയ സൗകര്യങ്ങളടങ്ങിയ ഫോണ്‍ ലഭിക്കും. ബ്ലാക്ക്‌ബെറിയുടെ അതേ ലുക്ക് തോന്നിപ്പിക്കുന്ന QWERTY ഫോണ്‍ 4,000 രൂപയ്‌ക്കടുത്ത് ലഭിക്കും. ഐ ഫോണിന് സമാനമായ ടച്ച് സ്‌ക്രീന്‍ സൗകര്യമുള്ള മോഡല്‍ 5,000 രൂപയ്‌ക്ക്‌് താഴെ ലഭിക്കും. ഇത്തരം ഹൈ എന്‍ഡ് ഫീച്ചറുകളുള്ള ഫോണ്‍ സാധാരണക്കാരിലേക്ക് എത്തിച്ച് കൂടുതല്‍ ജനകീയമാക്കിയതിന് ഇന്ത്യന്‍ കമ്പനികള്‍ക്ക് സാങ്കേതിക ലോകം നന്ദി പറയണം. |