വായ്‌പ അനുവദിക്കുമ്പോള്‍ ബാങ്കുകള്‍ എന്നും ചെയ്യുന്നതുപോലെ രണ്ട് കാര്യങ്ങളാണ് പ്രവാസികള്‍ക്ക് ഭവന വായ്‌പ അനുവദിക്കുന്ന കാര്യത്തിലും ശ്രദ്ധിക്കുന്നത്.
1. വായ്‌പയെടുത്ത് സ്വന്തമാക്കുന്ന ആസ്‌തിയുടെ മൂല്യം.
2. വായ്‌പ എടുക്കുന്ന വ്യക്തിയുടെ തിരിച്ചടവ് ശേഷി.
ഇതില്‍ തിരിച്ചടവ് ശേഷി ബാങ്ക് ഉറപ്പാക്കുന്നത് പല വഴിയിലൂടെയാണ്. ഇതിനായി പരിശോധിക്കുന്ന രേഖകള്‍ ഇവയാണ്.
1. ഉദ്യോഗസ്ഥരാണെങ്കില്‍ അവരുടെ സാലറി സര്‍ട്ടിഫിക്കറ്റ്.
2. ബിസിനസുകാരാണെങ്കില്‍ അവരുടെ എന്‍.ആര്‍.ഇ എക്കൗണ്ട്. ഈ എക്കൗണ്ടിലെ രണ്ട് വര്‍ഷത്തെ ഇടപാടുകളാണ് ബാങ്ക് ഇതിനായി പരിശോധിക്കുന്നത്.
3. പ്രവാസികളുടെ കാര്യത്തില്‍ കെ.വൈ.സി (Know Your Customer) നിബന്ധന കര്‍ശനമായി ബാങ്കുകള്‍ പിന്തുടരാറുണ്ട്. ഇതിനായി പാസ്‌പോര്‍ട്ട്, വിസ എന്നിവയാണ് ബാങ്കുകള്‍ പരിശോധിക്കുന്നത്.
അതുകൊണ്ട് ഭവന വായ്‌പയ്‌ക്കായി ബാങ്കുകളെ സമീപിക്കുമ്പോള്‍ പ്രവാസികള്‍ തീര്‍ച്ചയായും കൈയില്‍ കരുതേണ്ട രേഖകള്‍ ഇവയാണ്.
1. വരുമാനം തെളിയിക്കുന്ന രേഖ (സാലറി സര്‍ട്ടിഫിക്കറ്റ്/ രണ്ട് വര്‍ഷത്തെ എന്‍.ആര്‍.ഇ ഇടപാടുകള്‍)
2. പാസ്‌പോര്‍ട്ട്, വിസ ഇവയുടെ പകര്‍പ്പ്
ഇനി വിദേശത്തിരുന്നുകൊണ്ടു തന്നെ നിങ്ങള്‍ക്ക് ഭവന വായ്‌പ നേടാനാണെങ്കില്‍ നാട്ടിലുള്ള അടുത്ത ബന്ധുവിന് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയാല്‍ മതി.
റേറ്റിംഗ് സംവിധാനം
വായ്‌പയെടുക്കാന്‍ ബാങ്കിനെ സമീപിക്കുന്ന വ്യക്തിയെ കൃത്യമായി വിലയിരുത്തിയ ശേഷമാണ് വായ്‌പ അനുവദിക്കുന്നത്. ഇതിനായി പരിശോധിക്കുന്ന ഘടകങ്ങള്‍ ഇവയാണ്.
1. സാമ്പത്തിക/വായ്‌പാ ചരിത്രം
2. പ്രായം
3. വരുമാനം
വായ്‌പാ തിരിച്ചടവില്‍ അലംഭാവം വരുത്തുന്ന വ്യക്തിയാണെങ്കില്‍ ഭവന വായ്‌പ ലഭിക്കാന്‍ പ്രശ്‌നമാകും. വായ്‌പാ തിരിച്ചടവ് തുടര്‍ച്ചയായി മൂന്ന് തവണ മുടങ്ങിയാല്‍ അത് കിട്ടാക്കടമായി പരിഗണിക്കപ്പെടും. ഇത്തരത്തില്‍ വീഴ്‌ച വരുത്തുന്ന വ്യക്തികള്‍ക്ക് വായ്‌പ ലഭിക്കാന്‍ പ്രയാസമാകും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വായ്‌പയെടുത്ത് അപ്പാര്‍ട്ട്‌മെന്റാണ് വാങ്ങുന്നതെങ്കില്‍ ആ ഭവന പദ്ധതിക്ക് ബാങ്കിന്റെ അംഗീകാരമുണ്ടോയെന്ന് പരിശോധിക്കണം. വായ്‌പ അനുവദിക്കും മുമ്പ് ബില്‍ഡറുടെ പ്രവര്‍ത്തന ചരിത്രം ബാങ്കുകള്‍ പരിശോധിക്കുന്നുണ്ട്. മികച്ച പ്രവര്‍ത്തന പാരമ്പര്യമുള്ള ബില്‍ഡറാണെങ്കില്‍ ഈ കടമ്പ എളുപ്പം കടക്കാനാകും.
സ്വന്തം സ്ഥലത്ത് വീട് വെക്കാനാണെങ്കില്‍ ആ സ്ഥലത്തിന്മേല്‍ ബാധ്യതകളൊന്നുമില്ലെന്ന് തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കണം. ഒപ്പം ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് നിര്‍മാണ അനുമതി ലഭിച്ച പ്ലാനും ഇതോടൊപ്പം സമര്‍പ്പിക്കണം.