2009 ഓഗസ്റ്റിലാണ് നേരിട്ടുള്ള നികുതി നിര്‍ദേശങ്ങളുടെ ആദ്യ രൂപം ചര്‍ച്ചയ്‌ക്കായി വന്നത്. അപ്പോള്‍ മുതല്‍ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇതിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇവയെ അടിസ്ഥാനമാക്കി പുതുക്കിയ നികുതി നിര്‍ദേശങ്ങള്‍ വീണ്ടും ചര്‍ച്ചയ്‌ക്ക് വന്നു. പ്രധാനമായും രണ്ട് കാര്യങ്ങളാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ഒന്ന് സാധാരണക്കാരെ സഹായിക്കാനുള്ള സര്‍ക്കാരിന്റെ ആഗ്രഹം; മറ്റൊന്ന് നികുതി പരിധിയിലും നിരക്കിലും ലക്ഷ്യം വെക്കുന്ന മാറ്റങ്ങള്‍.
പ്രധാന മാറ്റങ്ങള്‍
ജീവനക്കാര്‍ക്ക് ഭവന വായ്‌പയ്‌ക്കുള്ള പലിശയ്‌ക്ക് നികുതിയിളവ് ലഭിക്കും. ഇതിന്റെ പരിധി ഒന്നര ലക്ഷമായിരിക്കും. എന്നാല്‍ വാടക നല്‍കി താമസിക്കുന്നവരെ സംബന്ധിച്ച് നികുതിയിളവ് ലഭിക്കില്ല. ചികില്‍സാ ചെലവിലേക്ക് തിരികെ ലഭിക്കുന്ന തുകയ്‌ക്ക് നികുതി നല്‍കേണ്ടതില്ല.
നിക്ഷേപ ആസ്‌തികളും, ബിസിനസ് ആസ്‌തികളും തമ്മില്‍ കൃത്യമായ വേര്‍തിരിവ് നേരിട്ടുള്ള നികുതി നിര്‍ദേശങ്ങളില്‍ ഉണ്ടായിരുന്നു. മാത്രമല്ല ഹ്രസ്വകാല മൂലധന നേട്ടം, ദീര്‍ഘകാല മൂലധന നേട്ടം എന്നിവ തമ്മിലുള്ള വ്യത്യാസം മാറ്റാനും നിര്‍ദേശിച്ചിരുന്നു. പുതുക്കിയ നികുതി നിര്‍ദേശങ്ങളില്‍ ഇത് സംബന്ധിച്ചുള്ള മാറ്റങ്ങള്‍ ഇപ്രകാരമായിരിക്കും.
1. മൂലധന നേട്ടം സാധാരണ സ്രോതസില്‍ നിന്നുള്ള വരുമാനമായാണ് കണക്കാക്കുക, ഇതിന് വിദേശത്തെയും സ്വദേശത്തെയും നികുതിദായകര്‍ നികുതി നല്‍കണം.
2. മ്യൂച്വല്‍ ഫണ്ട് ഉള്‍പ്പടെയുള്ളവയില്‍ നിന്നുള്ള മൂലധന നേട്ടത്തിന് ഒരു നിശ്ചിത പരിധിയില്‍ ഇളവ് അനുവദിച്ചതിനുശേഷമുള്ള തുകയ്‌ക്ക് നികുതി നല്‍കേണ്ടിവരും. (ദീര്‍ഘനാളത്തെ മൂലധനനേട്ടത്തിന് നികുതി ഒഴിവാക്കിക്കൊണ്ടുള്ള നിര്‍ദേശം കൂടുതല്‍ പേരെ ഓഹരി വിപണിയിലേക്ക് ആകര്‍ഷിക്കാന്‍ ഉതകുന്നതായിരുന്നു)
3. സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സ് (എസ്.ടി.ടി) നിര്‍ത്തലാക്കാന്‍ പുതുക്കിയ നികുതി നിര്‍ദേശങ്ങളില്‍ പറയുന്നു. മാത്രമല്ല ദീര്‍ഘകാലത്തെ നിക്ഷേപ പദ്ധതികള്‍ക്ക് അവയുടെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നികുതി കൊടുക്കേണ്ടതായും വരും.
ഇങ്ങനെ ഒരു സാഹചര്യത്തില്‍ സാധാരണ നിക്ഷേപകന്‍ ചെയ്യേണ്ടത് നേരിട്ടുള്ള നികുതി നടപ്പാക്കുന്നതിനു മുമ്പ് നിക്ഷേപ പദ്ധതികള്‍ പുനഃക്രമീകരിക്കലാണ്. കൃത്യമായി പഠനം നടത്തി നികുതിയിളവ് ലഭിക്കുന്ന നിക്ഷേപ പദ്ധതികളില്‍ കൂടുതല്‍ തുക നിക്ഷേപിക്കാന്‍ ശ്രദ്ധിക്കുക.
ഇന്ത്യയിലെ സാധാരണക്കാരന്‍ നിക്ഷേപ മാര്‍ഗമായി കണക്കാക്കുന്നതാണ് ഗവണ്‍മെന്റ് പ്രോവിഡന്റ് ഫണ്ട്, പബ്ലിക് പ്രോവിഡന്റ് ഫണ്ട്, ലൈഫ് ഇന്‍ഷുറന്‍സ് എന്നിവ. ഇവ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ നികുതി പിടിക്കാനുള്ള നിര്‍ദേശം തീര്‍ത്തും നിരാശാജനകമാണ്. പുതുക്കിയ നികുതി നിര്‍ദേശത്തില്‍ ശുദ്ധമായ ലൈഫ് ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ക്കും, പെന്‍ഷന്‍ പദ്ധതികള്‍ക്കും മാത്രമേ നികുതിയിളവ് നല്‍കുന്നുള്ളൂ. ഇതിന്റെ പരിധിയില്‍ `യുലിപ്' വരുമോ എന്നതില്‍ വ്യക്തതയില്ല.
നേരിട്ടുള്ള നികുതി നിര്‍ദേശത്തില്‍ ഗ്രാറ്റുവിറ്റി, പെന്‍ഷന്‍, വോളന്ററി റിട്ടയര്‍മെന്റ് തുക എന്നിവ പിന്‍വലിക്കുന്ന സമയത്ത് നികുതി ഈടാക്കാന്‍ ശുപാര്‍ശ ചെയ്‌തിരുന്നു. എന്നാല്‍ പുതുക്കിയ നികുതി നിര്‍ദേശം ഇവയ്‌ക്കെല്ലാം നിശ്ചിത പരിധിവരെ നികുതിയിളവ് നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നു. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഗുണകരമായ നിര്‍ദേശമാണിത്. |