ഇന്ത്യന്‍ ഓഹരി വിപണിയില്‍ കയറ്റിറക്കങ്ങള്‍ ദൃശ്യമാണെങ്കിലും വിപണിയിലെ അടിയൊഴുക്ക് ബുള്ളിഷ് ആണ്. എണ്ണവിലയായിരിക്കും ഇന്ത്യന്‍ വിപണിയില്‍ സമീപഭാവിയില്‍ നിര്‍ണായക സ്വാധീനമാവുക. അമേരിക്കന്‍, യൂറോപ്യന്‍ സമ്പദ് വ്യവസ്ഥകള്‍ മാന്ദ്യത്തില്‍ നിന്ന് പൂര്‍ണമായി കര കയറിയിട്ടില്ല എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇത് എണ്ണയുടെ ആവശ്യത്തില്‍ കുറവ് വരുത്താന്‍ ഇടയുണ്ട്. അങ്ങനെയാണെങ്കില്‍ എണ്ണവില കുറയും, അത് ഇന്ത്യന്‍ ഓഹരി വിപണിക്കായിരിക്കും ഏറ്റവുമധികം ഗുണം ചെയ്യുക.
ഇന്ത്യന്‍ സാഹചര്യങ്ങള്‍
ഇന്ധനവില പടിപടിയായി സ്വതന്ത്രമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വളരെ നല്ലതാണ്. ഇപ്പോള്‍ ഇത് സംബന്ധിച്ച് പ്രതിഷേധം നിലനില്‍ക്കുന്നുണ്ടെങ്കിലും ഭാവിയില്‍ ഏറ്റവുമധികം പ്രയോജനം ലഭിക്കാനിടയുള്ള തീരുമാനമാണിത്. സബ്‌സിഡി കുറയ്‌ക്കുമ്പോള്‍ സമ്പദ് വ്യവസ്ഥ കൂടുതല്‍ ശക്തമാകുകയാണ് ചെയ്യുക. യഥാര്‍ത്ഥത്തില്‍ എവിടെനിന്നെങ്കിലും സഹായം കിട്ടും എന്ന ചിന്ത ഉണ്ടെങ്കില്‍ വികസിക്കുന്നതിനുള്ള സാധ്യത ഇല്ലാതാകും. എണ്ണക്കമ്പനികളുടെ കാര്യത്തിലും ഇക്കാര്യം ശരിയാണ്.
ഇപ്പോള്‍ എണ്ണക്കമ്പനികളില്‍ നിക്ഷേപ അവസരം ഉണ്ടെങ്കിലും പൊതുമേഖലയിലെ കമ്പനികളെ അത്രകണ്ട് ആശ്രയിക്കാന്‍ കഴിയില്ല എന്നാണ് തോന്നുന്നത്. ഇന്ധനവില സ്വതന്ത്രമാക്കിയാലും `സര്‍ക്കാര്‍' കാര്യംപോലെ ഇവ തുടര്‍ന്നാല്‍ അവയ് ക്ക് വളരാന്‍ കഴിയില്ല. വേറൊരു തരത്തില്‍ ഇവ `വെള്ളാനകളാണ്' എന്നുതന്നെ പറയാം. ഈ സാഹചര്യത്തില്‍ കെയിന്‍ ഇന്ത്യ നിക്ഷേപം നടത്താവുന്ന ഓഹരിയാണ്. ഓണ്‍ഷോര്‍ ഓയ്‌ല്‍ ഉള്ള ഒരേയൊരു കമ്പനിയാണ് കെയിന്‍ ഇന്ത്യ. മാത്രമല്ല അടുത്തിടെ ഇവര്‍ക്ക് എണ്ണക്കിണറുകള്‍ കിട്ടിയിട്ടുമുണ്ട്. ഗുജറാത്ത് പെട്രോനെറ്റ്, ഇറാ ഇന്‍ഫ്ര എന്നിവയും നിക്ഷേപം നടത്താവുന്ന മികച്ച ഓഹരികളാണ്.
പൊതുജന ഓഹരി പങ്കാളിത്തം
സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്‌തിട്ടുള്ള കമ്പനികളിലെ പൊതുജന ഓഹരി പങ്കാളിത്തം 25 ശതമാനം ആക്കണമെന്ന നിര്‍ദേശം എന്തുകൊണ്ടും സ്വാഗതാര്‍ഹമാണ്. കമ്പനികളില്‍ പൊതുജന ഓഹരി പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിലൂടെ അവയുടെ പ്രവര്‍ത്തന ശൈലിയില്‍ ഗുണകരമായ മാറ്റം വരും, സുതാര്യത വര്‍ധിക്കും, മാത്രമല്ല ഓഹരി വിപണിയില്‍ ആ ഓഹരിയുടെ ചാഞ്ചാട്ടം കുറയുകയും ചെയ്യും. സാധാരണ നിക്ഷേപകന് ഏറ്റവുമധികം ഗുണം ചെയ്യുന്ന ഈ നിര്‍ദേശം എത്രയും വേഗം നടപ്പാക്കേണ്ടതുണ്ട്.
റിലയന്‍സ് ഓഹരികള്‍ നിക്ഷേപകന് മികച്ച നേട്ടങ്ങള്‍ നല്‍കുന്നു. എന്നാല്‍ ഓരോ ലയനം കഴിയുമ്പോഴും റിലയന്‍സ് കമ്പനികളിലെ പ്രൊമോട്ടര്‍മാരുടെ ഓഹരി പങ്കാളിത്തം കൂടുകയാണ് ചെയ്യുക. അതിനാല്‍ ഇത്തരം ലയനങ്ങള്‍ സാധാരണ നിക്ഷേപകനെ സംബന്ധിച്ചിടത്തോളം മെച്ചമല്ല. ഈ അവസ്ഥയ്‌ക്ക് ഒരു മാറ്റം ഉണ്ടാകണമെങ്കില്‍ കമ്പനികളിലെ പൊതുജന ഓഹരി പങ്കാളിത്തം വര്‍ധിപ്പിക്കുകതന്നെ വേണം.
നിക്ഷേപകന്‍ എന്തു ചെയ്യണം
അടിസ്ഥാന സൗകര്യ വികസന കാര്യത്തില്‍ ഇന്ത്യ ചൈനയെ മാതൃകയാക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ഇനി രാജ്യത്തിന്റെ ഫോക്കസ് ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ മേഖലയില്‍ ആയിരിക്കും, ആയിരിക്കണം. ഇത്തരം ഒരു ആവശ്യം എല്ലാ വശങ്ങളില്‍ നിന്നും ഉണ്ടാകാനിടയുണ്ട്. നിക്ഷേപകര്‍ക്ക് ഇത് വലിയ അവസരങ്ങളാണ് തുറന്നിടുന്നത്. പവര്‍, ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ കമ്പനികളിലെ മികച്ച ഓഹരികളില്‍ നിക്ഷേപിക്കുന്നത് നല്ലതാണ്.
വിപണിയില്‍ ഇടിവുണ്ടാകുമ്പോള്‍ വാങ്ങുക എന്ന തന്ത്രമാണ് നിക്ഷേപകര്‍ ഇപ്പോള്‍ സ്വീകരിക്കേണ്ടത്. മറ്റൊന്ന് ഇടയ്‌ക്കിടയ്‌ക്ക് മൂലധന ചെലവ് വേണ്ടിവരുന്ന വിഭാഗം ഓഹരികളില്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്തുകയും ചെയ്യരുത്. ഹോട്ടല്‍, ടെലികമ്യൂണിക്കേഷന്‍ ഓഹരികള്‍ ഇത്തരത്തില്‍ പെടുന്നവയാണ്. ഹോട്ടല്‍ വിഭാഗം ഓഹരികള്‍ക്ക് അറ്റകുറ്റ പണികള്‍ക്കായി ചെലവ് ചെയ്യേണ്ടിവരുമ്പോള്‍, ടെലികോം ഓഹരികള്‍ക്ക് ത്രി ജി, ഫോര്‍ ജി ലേലവുമായി ബന്ധപ്പെട്ട് ചെലവ് നടത്തേണ്ടിവരും. സാമാന്യം ഭേദപ്പെട്ട മണ്‍സൂണ്‍ തന്നെ ഇപ്രാവശ്യം ലഭിക്കുമെന്നാണ് കരുതുന്നത്. അതോടൊപ്പം എണ്ണവില ഏറെക്കുറെ സ്ഥിരമാവുകയും ചെയ്‌താല്‍ ഒന്നു രണ്ട് വര്‍ഷത്തിനുള്ളില്‍ സെന്‍സെക്‌സ് പുതിയ റെക്കോഡ് ഉയരത്തില്‍ എത്താന്‍ സാധ്യതയുണ്ട്.
(ധനകാര്യ സേവനസ്ഥാപനമായ അക്യുമെനിന്റെ ഡയറക്‌റ്ററാണ് ലേഖകന്‍)
|