സത്യസന്ധതയില്ലാത്ത പ്രൊമോട്ടര്‍മാര്‍ യാതൊരു മൂല്യങ്ങളുമില്ലാതെ കമ്പനികള്‍ മാനേജ് ചെയ്യുന്നതിന്റെ പേരില്‍ ഇന്ത്യന്‍ ഓഹരി വിപണി കുപ്രസിദ്ധമാണ്. കാലാകാലങ്ങളില്‍ സര്‍ക്കാരും സെബി, കമ്പനി ലോ ബോര്‍ഡ് തുടങ്ങിയ ഏജന്‍സികളും ഈ സാഹചര്യം മെച്ചപ്പെടുത്താന്‍ ഗൗരവമേറിയ ശ്രമങ്ങള്‍ നടത്താറുണ്ടെങ്കിലും ഈ രംഗത്ത് വലിയ പുരോഗതി ഉണ്ടായതായി കാണുന്നില്ല. ന്യൂനപക്ഷ ഓഹരി ഉടമകളെ വഞ്ചിക്കുന്ന രീതി ചെറുകിട, ഇടത്തരം കമ്പനികളിലാണ് കൂടുതല്‍ കണ്ടുവന്നിരുന്നത്. എന്നാല്‍ ഇന്ന് ചില പ്രൊഫഷണല്‍ മാനേജ്‌മെന്റുകളെ പോലും വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
മൂല്യാധിഷ്‌ഠിത നിക്ഷേപകര്‍ക്കായി ഈ കോളത്തില്‍ നേരത്തെ ശുപാര്‍ശ ചെയ്‌തിരുന്ന എന്റര്‍ടെയ്‌ന്‍മെന്റ് നെറ്റ് വര്‍ക്ക് (ENIL) അവരുടെ ഔട്ട് ഓഫ് ഹോം അഡ്വര്‍ടൈസിംഗ് ബിസിനസ് തീരെ തുച്ഛമായ മൂല്യമായ 118 കോടി രൂപയ്‌ക്കാണ് മാതൃകമ്പനിക്ക് കൈമാറാന്‍ തീരുമാനിച്ചത്. കുറച്ചു കാലം മുമ്പ് ഈ ബിസിനസ് ഫണ്ട് സമാഹരണം നടത്തിയ സമയത്തെ മൂല്യനിര്‍ണയം 1000 കോടിയില്‍ അധികമായിരുന്നു. കമ്പനിയുടെ ഓപ്പറേഷന്‍സില്‍ ഗുണപരമായ ഒരു തിരിച്ചുവരവിനെ സൂചിപ്പിച്ചുകൊണ്ട് ഔട്ട് ഓഫ് ഹോം അഡ്വര്‍ടൈസിംഗ് ബിസിനസ് സംബന്ധിച്ച് ശോഭനമായ ഭാവിയെക്കുറിച്ചുള്ള സൂചനയാണ് ഈയിടെ മാനേജ്‌മെന്റ് നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ ഈ ബിസിനസ് മാതൃകമ്പനിക്ക് തന്നെ നല്‍കാന്‍ തീരുമാനിച്ചതിലൂടെ ന്യൂനപക്ഷ ഓഹരി ഉടമകളെ ആഗോള കണ്‍സള്‍ട്ടിംഗ് കമ്പനിയുടെ സഹായത്തോടെ പൂര്‍ണമായും കബളിപ്പിച്ചിരിക്കുകയാണ്. ഈ കൈമാറ്റം സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരിവില 16 ശതമാനം ഇടിഞ്ഞു.
വന്‍കിട കമ്പനികള്‍ ഇപ്രകാരമാണ് ചെയ്യുന്നതെങ്കില്‍ സാധാരണ ഒരു നിക്ഷേപകന്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ എങ്ങനെ നിക്ഷേപിക്കും? കഴിഞ്ഞ കാലങ്ങളില്‍ ഇത്തരത്തിലുള്ള നൂറ് കണക്കിന് അനുഭവങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും സര്‍ക്കാര്‍ നടപടികള്‍ എടുത്തിട്ടും ഇത്തരത്തില്‍ സംഭവിച്ചത് ഒട്ടും അംഗീകരിക്കാന്‍ കഴിയില്ല. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് പ്രമുഖമായ ഒരു ടെലിവിഷന്‍ കമ്പനിയുടെ ആസ്‌തികളുടെ മൂല്യനിര്‍ണയം യുക്തിഹരിതമായി നടത്തിയതുവഴി ഇതിന്റെ ഓഹരി വില പത്ത് ശതമാനത്തിലധികം ഇടിഞ്ഞിരുന്നു. ഓഹരികള്‍ കൈവശമുള്ള വലിയൊരു വിഭാഗം ഓഹരി ഉടമകളുടെ ചെലവില്‍ പ്രൊമോട്ടര്‍മാര്‍ക്ക് അനുകൂലമായിരുന്നു ഈ ഇടപാട് മുഴുവന്‍. പ്രൊമോട്ടര്‍മാരെ വഴിവിട്ട് സഹായിക്കുന്ന ഏജന്‍സിയായിരുന്നു ഇതിന്റെ പിന്നില്‍ എന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍.
ഇത്തരത്തില്‍ മൂല്യനിര്‍ണയം നടത്തുന്ന ഏജന്‍സികള്‍ക്ക് ഇന്ത്യയില്‍ ആവശ്യക്കാര്‍ ഏറെയാണ്. ഇന്ത്യന്‍ വിപണിയിലെ അനാരോഗ്യ പ്രവണതകളെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇത് നിര്‍ത്തലാക്കാന്‍ വളരെ ഉത്തരവാദിത്തമുള്ള ഏജന്‍സികളും ശക്തമായ നിയമവും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.
ലിസ്റ്റഡ് കമ്പനികളില്‍ സ്വതന്ത്ര ഡയറക്‌റ്റര്‍മാരെ നിയമിക്കല്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ ഇതില്‍ തൊണ്ണൂറ് ശതമാനവും യഥാര്‍ത്ഥത്തില്‍ `സ്വതന്ത്രരല്ല'. ഈ സ്വതന്ത്ര ഡയറക്‌റ്റര്‍മാരില്‍ അന്‍പത് ശതമാനവും പ്രൊമോട്ടര്‍മാരുടെ ഏജന്റുമാരാണത്രെ. ഇത് ന്യൂനപക്ഷ ഓഹരി ഉടമകളുടെ താല്‍പ്പര്യത്തിന് വിരുദ്ധമാണ്. ഇത്തരമൊരു ചിന്താഗതി വിപണിയില്‍ ഇപ്പോഴേ സജീവവുമാണ്. അതുകൊണ്ടാണ് പല `സ്വതന്ത്ര ഡയറക്‌റ്റര്‍മാരും' കമ്പനി ഡയറക്‌റ്റര്‍ ബോര്‍ഡുകളില്‍ നിന്ന് രാജിവെച്ച് അവരുടെ സല്‍പ്പേര് കാക്കുന്നത്.
ഇക്കാര്യത്തില്‍ പരിഭ്രാന്തരാകേണ്ടതില്ല. തൊണ്ണൂറ് ശതമാനം മാനേജ്‌മെന്റുകളും മോശക്കാരാകാം. എന്നാല്‍ നല്ല പത്ത് ശതമാനത്തെ തിരിച്ചറിയുക എന്നതാണ് പ്രധാന വെല്ലുവിളി. സത്യസന്ധതയുള്ളതും മൂല്യങ്ങളില്‍ വിശ്വസിക്കുന്നതുമായ അത്തരം മാനേജ്‌മെന്റുകളെ മാത്രമെ വിശ്വാസത്തില്‍ എടുക്കാവൂ.
(ഇത് ലേഖകന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഏതെങ്കിലും വ്യക്തികളെയോ മാനേജ്‌മെന്റുകളെയോ അപകീര്‍ത്തിപ്പെടുത്താന്‍ ഇതുകൊണ്ടുദ്ദേശിക്കുന്നില്ല.)