|
ഇന്ത്യന്‍ ബാങ്കിംഗ് രംഗത്ത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ പ്രൊമോട്ട് ചെയ്യുന്ന പുതിയ ബാങ്കുകള്‍ രംഗപ്രവേശം ചെയ്യാനിരിക്കേ കേരളം ആസ്ഥാനമായ പഴയ തലമുറ ബാങ്കുകള്‍ വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. അനില്‍ അംബാനി ഗ്രൂപ്പ്, റെലിഗെര്‍, ഇന്ത്യാ ബുള്‍സ് തുടങ്ങിയവ ഏറെക്കുറെ ലൈസന്‍സ് നേടിയെടുക്കാനുള്ള നിശ്ചയദാര്‍ഢ്യം പ്രഖ്യാപിച്ചുകഴിഞ്ഞു. ലൈസന്‍സിന് അപേക്ഷിക്കാനുള്ള മാനദണ്‌ഡം ആര്‍.ബി.ഐ അധികം താമസിയാതെ പുറത്തിറക്കും.
പുതിയ ബാങ്ക് തുടങ്ങാനുള്ള നീക്കങ്ങള്‍ നടത്തുന്ന പ്രമുഖ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഗ്രൂപ്പ് ആയ ഈഡില്‍വൈസ് ഗ്രൂപ്പ് കാത്തലിക് സിറിയന്‍ ബാങ്കിലെ തങ്ങളുടെ ഓഹരി വിഹിതം അഞ്ച് ശതമാനമായി ഉയര്‍ത്താനുള്ള അനുമതി തേടി ആര്‍.ബി.ഐ യെ സമീപിച്ചു എന്ന് കഴിഞ്ഞയിടെ വാര്‍ത്ത വന്നിരുന്നു. നിലവില്‍ ഇവര്‍ക്ക് ഒരു ശതമാനത്തോളം ഓഹരി വിഹിതം സി.എസ്.ബിയില്‍ ഉണ്ട്. ബാങ്ക് തുടങ്ങാന്‍ മോഹമുള്ള ഈഡില്‍വൈസിന്റെ നീക്കം സ്വാഭാവികമാണെങ്കിലും സി.എസ്.ബിയുടെ ഡയറക്‌റ്റര്‍ എസ്.സന്താനകൃഷ്‌ണന്‍ ഈ സ്ഥാപനത്തിന്റെയും ഡയറക്‌റ്റര്‍ ആയിരുന്നെന്ന വസ്‌തുത പുതിയ സംഭവ വികാസങ്ങള്‍ക്ക് അസ്വാഭാവികതയുടെ പരിവേഷം നല്‍കിയിരിക്കുകയാണ്. കാരണം സന്താനകൃഷ്‌ണന്‍ ബാങ്കിനെ ഫെഡറല്‍ ബാങ്കുമായി ലയിപ്പിക്കാനുള്ള പല വിധത്തിലെ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നെങ്കിലും അതൊന്നും വിജയിച്ചിരുന്നില്ല.
കാത്തലിക് സിറിയന്‍ ബാങ്കില്‍ 24 ശതമാനം ഓഹരി വിഹിതമുള്ള വിദേശ ഇന്ത്യക്കാരനായ എസ്.സി ചൗളയ്‌ക്ക് അത് ഉടന്‍ തന്നെ 10 ശതമാനമായി കുറയ്‌ക്കേണ്ടിവരും. ഇതു സംബന്ധിച്ച് ആര്‍.ബി.ഐ പലവട്ടം അന്ത്യശാസനം നല്‍കിയിരുന്നെങ്കിലും ഉദ്ദേശിച്ച വില കിട്ടാത്തതിനാല്‍ ചൗളയ്‌ക്ക് അത് വിറ്റഴിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആദ്യം ഫെഡറല്‍ ബാങ്ക് ഈ ഓഹരികള്‍ വാങ്ങിക്കൊണ്ട് സി.എസ്.ബിയെ ഏറ്റെടുക്കാന്‍ ശ്രമിച്ചിരുന്നു. അത് നടന്നില്ല. പിന്നീട് ഒരു ശതമാനം വീതം ഏതാനും വിദേശ നിക്ഷേപകര്‍ക്ക് വില്‍ക്കാനും ശ്രമിച്ചിരുന്നെങ്കിലും അതും വിജയിച്ചിരുന്നില്ല.
ഈ സാഹചര്യത്തിലാണ് ഈഡില്‍വൈസിന്റെ രംഗപ്രവേശം. നിലവില്‍ ഫെഡറല്‍ ബാങ്കിനും എല്‍ ആന്‍ഡ് റ്റിക്കും ഏകദേശം അഞ്ച് ശതമാനം വീതം ഓഹരി വിഹിതം സി.എസ്.ബിയിലുണ്ട്. ഈഡില്‍വൈസ് കൂടിയാകുമ്പോള്‍ കഴിഞ്ഞ ഒന്നരവര്‍ഷത്തിനുള്ളില്‍ സി.എസ്.ബിയില്‍ ഗൗരവതരമായ പല ചരടുവലികളും നടത്തിയ ഗ്രൂപ്പിന് ഏറെക്കുറെ ഔദ്യോഗികമായിത്തന്നെ നിര്‍ണായക സ്വാധീനം കൈവരും.
ഈയൊരു പശ്ചാത്തലത്തിലാണ് ഫെഡറല്‍ ബാങ്കിന്റെ തലപ്പത്ത് ഒരു യുവ ബാങ്കര്‍ വരുന്നു എന്ന വാര്‍ത്തയെ കേരളത്തിലെ ബാങ്കിംഗ് രംഗം ശ്രദ്ധാപൂര്‍വം വീക്ഷിക്കുന്നത്. സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക് ഇന്ത്യയുടെ കണ്‍സ്യൂമര്‍ ബാങ്കിംഗിന്റെ കണ്‍ട്രി ഹെഡ് ആയ ശ്യാം ശ്രീനിവാസന്‍, ഫെഡറല്‍ ബാങ്കിലെ രണ്ട് എക്‌സിക്യൂട്ടിവ് ഡയറക്‌റ്റര്‍മാര്‍ എന്നിവരുടെ പേരുകളടങ്ങിയ പട്ടിക പുതിയ മാനേജിംഗ് ഡയറക്‌റ്ററുടെ പദവിയിലേക്ക് പരിഗണിക്കാനായി ഡയറക്‌റ്റര്‍ ബോര്‍ഡ് ആര്‍.ബി.ഐയ്‌ക്ക് സമര്‍പ്പിച്ചു എന്നാണ് വാര്‍ത്ത. ഇത് ശരിയാണ് എങ്കില്‍ ശ്യാം ശ്രീനിവാസന്‍ തന്നെ പുതിയ എം.ഡി ആകും. അങ്ങനെ സംഭവിച്ചാല്‍ റിലയന്‍സ് കാപിറ്റല്‍ സര്‍വീസസില്‍ നിന്ന് അമിതാഭ് ചതുര്‍വേദി ധനലക്ഷ്‌മി ബാങ്കിന്റെ തലപ്പത്ത് എത്തിയശേഷമുണ്ടായതുപോലെയുള്ള ചടുലമായ നീക്കങ്ങള്‍ക്കാകും കേരളത്തിലെ ബാങ്കിംഗ് മേഖല സാക്ഷ്യം വഹിക്കുക.
തിരുച്ചിറപ്പള്ളിയിലെ റീജണല്‍ എന്‍ജിനീയറിംഗ് കോളെജില്‍ നിന്ന് എന്‍ജിനീയറിംഗില്‍ ബിരുദം നേടിയിട്ടുള്ള ശ്യാം ശ്രീനിവാസന്‍ കഴിഞ്ഞ ഒരു ദശാബ്‌ദത്തിലേറെക്കാലമായി സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്കിലുണ്ട്.
ചിലരുടെ തിരിച്ച് വരവിന് കളമൊരുക്കുന്ന ഡയറക്‌റ്റര്‍ ബോര്‍ഡിന്റെ പുനഃസംഘടന, മാനേജിംഗ് ഡയറക്‌റ്റര്‍, നോണ്‍ എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്കുള്ള
നിയമനങ്ങള്‍ എന്നിവ ഫെഡറല്‍ ബാങ്കില്‍ ഉടന്‍ ഉണ്ടായേക്കും. അധികാര സമവാക്യങ്ങളുടെ ഇളക്കി പ്രതിഷ്‌ഠയ്‌ക്ക് കളമൊരുക്കുന്ന ഈ സംഭവ വികാസങ്ങള്‍ കേരള ബാങ്കുകളുടെ നിര്‍ബന്ധിത ഏകീകരണത്തിനോ ഏറ്റെടുക്കലിനോ നിമിത്തമാകുമോ എന്ന് ഉറ്റുനോക്കുകയാണ് സംസ്ഥാനത്തെ ബാങ്കിംഗ് രംഗം. |