|
ബാങ്ക് വായ്‌പകളുടെ പലിശ നിരക്ക് നിശ്ചയിക്കുന്നതിനുള്ള ബെഞ്ച്‌മാര്‍ക്ക് പ്രൈം ലെന്‍ഡിംഗ് റേറ്റ്‌സിന് (ബി.പി.എല്‍.ആര്‍) പകരം നിലവില്‍ വന്ന അടിസ്ഥാന നിരക്ക് (ബേസ് റേറ്റ്) ഏറെ ബാധിക്കുക കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെ. വിവിധ ബാങ്കുകള്‍ ഏഴു ശതമാനത്തിനും 8.75 ശതമാനത്തിനും ഇടയില്‍ നിരക്ക് പ്രഖ്യാപിച്ചതോടെ ഇതില്‍ കുറഞ്ഞ പലിശയ്‌ക്ക് ബാങ്കുകള്‍ക്ക് ആര്‍ക്കും വായ്‌പ നല്‍കാനാകില്ല. ബി.പി.എല്‍.ആര്‍ പ്രകാരം മുഖ്യ ഇടപാടുകാര്‍ക്ക് ഇളവുകള്‍ നല്‍കാന്‍ ബാങ്കുകള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. അടിസ്ഥാന നിരക്ക് റീറ്റെയ്‌ല്‍, ചെറുകിട വ്യവസായ മേഖലകള്‍ക്ക് നേരിയ തോതിലെങ്കിലും ഗുണകരമാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
അടിസ്ഥാന നിരക്ക്
ചില വസ്‌തുതകള്‍
അടിസ്ഥാന നിരക്ക് സാധാരണ ഇടപാടുകാരുടെ ഭവന വായ്‌പയുടെയും കാര്‍ വായ്‌പയുടെയും പ്രതിമാസ ഗഡുവിനേയോ പലിശയേയോ ബാധിക്കില്ല. ഏഴ് ശതമാനം അടിസ്ഥാന നിരക്ക് പ്രഖ്യാപിച്ച ധനലക്ഷ്‌മി ബാങ്കിനെയും 8.75 ശതമാനം പ്രഖ്യാപിച്ചിരിക്കുന്ന കര്‍ണാടക ബാങ്കിനെയും താരതമ്യപ്പെടുത്തി വായ്‌പയെടുക്കാന്‍ പോകുന്നത് അബദ്ധമാകും. കാരണം ഈ നിരക്കിനോടൊപ്പം കാലാവധി പ്രീമിയം, റിസ്‌ക് പ്രീമിയം, വ്യത്യസ്‌ത വായ്‌പകള്‍ക്കുള്ള പലിശ വ്യത്യാസം എന്നിവയും കണക്കിലെടുത്താണ് ബാങ്കുകള്‍ അന്തിമ നിരക്ക് നിശ്ചയിക്കുക.
നിലവിലുള്ള വായ്‌പകളുടെ പലിശ നിരക്കിനെ ഇത് ബാധിക്കില്ല. അടിസ്ഥാന നിരക്ക് ബാങ്കുകള്‍ പുനര്‍നിര്‍ണയിച്ചേക്കാം |
വായ്‌പാ നിരക്കുകളില്‍ ശാസ്‌ത്രീയതയും സുതാര്യതയും ഉറപ്പാക്കുന്നതോടൊപ്പം എല്ലാവിധ വായ്‌പാ നിരക്കുകളും ഡീ റഗുലേറ്റ് ചെയ്യുന്നതിന്റെയും ഭാഗമായിട്ടാണ് ബി.പി.എല്‍.ആറിന് പകരം പുതിയ അടിസ്ഥാന നിരക്ക് സംവിധാനം ആര്‍.ബി.ഐ നടപ്പാക്കുന്നത്. നവംബര്‍ 2003ലാണ് ബി.പി.എല്‍.ആര്‍ സംവിധാനം നിലവില്‍ വന്നതെങ്കിലും പ്രസ്‌തുത നിരക്കും ബാങ്കുകളുടെ വായ്‌പാ നിരക്കുകളും തമ്മില്‍ വന്‍ അന്തരമുണ്ടായിരുന്നു. രാജ്യത്തെ മിക്ക ബാങ്കുകളുടെയും ബി.പി.എല്‍.ആര്‍ നിരക്ക് 11 മുതല്‍ 17 ശതമാനം വരെയായിരുന്നു. എന്നാല്‍ അതില്‍ നിന്നും വളരെ കുറഞ്ഞ നിരക്കായ 4.50 ശതമാനം തൊട്ടുതന്നെ ബാങ്കുകള്‍ വായ്‌പ നല്‍കിയിരുന്നു. വിപണിയിലെ ശക്തമായ മത്സരം കാരണം പി.എല്‍.ആര്‍ നിരക്കിലും താഴെ സബ് പി.എല്‍.ആര്‍ നിരക്കിലാണ് ബാങ്കുകള്‍ വന്‍തോതില്‍ വായ്‌പ നല്‍കിയിരുന്നത്. എന്നാല്‍ ഇതിന്റെ പ്രയോജനം ലഭിച്ചിരുന്നത് ചെറുകിട ഉപഭോക്താക്കള്‍ക്കായിരുന്നില്ല. മറിച്ച് വന്‍കിട കോര്‍പ്പറേറ്റുകളാണ് ബി.പി.എല്‍.ആര്‍ സംവിധാനത്തിന്റെ നേട്ടം കൊയ്‌തുകൊണ്ടിരുന്നത്.
ബേസ് റേറ്റ് വരുന്നതോടെ കോര്‍പ്പറേറ്റുകള്‍ക്ക് ബാങ്ക് വായ്‌പ ചെലവേറിയതാകുമ്പോള്‍ ചെറുകിട - ഇടത്തരം കമ്പനികള്‍ക്ക് ക്രെഡിറ്റ് റേറ്റിംഗിന്റെ പിന്‍ബലത്തോടെ വായ്‌പാ നിരക്കില്‍ ശക്തമായ വിലപേശല്‍ നടത്താന്‍ അവസരം കൈവരുമെന്നും വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. കമ്പനികള്‍ക്ക് മാത്രമല്ല വ്യക്തികള്‍ക്ക് വരെ ഇനി മുതല്‍ ക്രെഡിറ്റ് റേറ്റിംഗ് വളരെ നിര്‍ണായകമായൊരു ഘടകമായിത്തീരും. ക്രെഡിറ്റ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ ഇന്ത്യ ലിമിറ്റഡ് (സിബില്‍) റിപ്പോര്‍ട്ട് സംവിധാനത്തിന്‍ കീഴില്‍ ഇന്ത്യയിലെ എല്ലാ സ്വകാര്യ, പൊതുമേഖലാബാങ്കുകളും എത്തുന്നതോടെ ഇന്ത്യയിലെ ഏതുബാങ്കില്‍ നിന്നും ഇടപാടുകള്‍ നടത്തുന്ന വ്യക്തിയുടേയോ കമ്പനികളുടേയോ കോര്‍പ്പറേറ്റുകളുടേയോ വിവരങ്ങള്‍ എല്ലാ ബാങ്കുകള്‍ക്കും ലഭ്യമാകും. ഇതോടെ ഓരോരുത്തരുടെയും വായ്‌പാ ചരിത്രവും ബാങ്കുകള്‍ക്ക് ലഭിക്കും.
ആര്‍.ബി.ഐയുടെ ധനകാര്യനയങ്ങള്‍ക്ക് അനുസൃതമായി യഥാസമയം വേണ്ടത്ര മാറ്റങ്ങള്‍ കൊണ്ടുവരുന്നതില്‍ ബി.പി.എല്‍.ആര്‍ സങ്കേതത്തിന് കഴിയാത്തതും കൂടാതെ അതിന്റെ പോരായ്‌മകളും കണക്കിലെടുത്തുകൊണ്ടാണ് ബേസ് റേറ്റ് സംവിധാനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. വിപണി സാഹചര്യങ്ങളും പലിശ നിരക്ക് നയങ്ങളും അടിസ്ഥാനമാക്കി അടിസ്ഥാന നിരക്ക് പുനര്‍നിര്‍ണയിക്കാനുള്ള അധികാരം ആര്‍.ബി.ഐ ബാങ്കുകള്‍ക്ക് നല്‍കിയിട്ടുണ്ട്. അതായത് ഇപ്പോള്‍ ബാങ്കുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന അടിസ്ഥാന നിരക്ക് ആവശ്യമെങ്കില്‍ മാസങ്ങള്‍ക്കു ശേഷം പുനര്‍നിര്‍ണയിച്ചേക്കാം. |