ബ്രോക്കിംഗ്, ധനകാര്യ ഉല്‍പ്പന്ന വിപണനരംഗത്തുനിന്ന് അസറ്റ് മാനേജ്‌മെന്റ് രംഗത്തേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിച്ച കമ്പനിയുടെ ആദ്യ ഇ.ടി.എഫ് (എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്) തുടങ്ങുന്നു എന്ന വാര്‍ത്ത വന്ന ദിവസമാണ് രാംദേവ് അഗര്‍വാളുമായി ധനം ഒരു എക്‌സ്‌ക്ലൂസിവ് അഭിമുഖം നടത്തിയത്. സ്വാഭാവികമായും ഇ.ടി.എഫില്‍ തുടങ്ങിയ അഭിമുഖത്തില്‍ തന്റെ നിരീക്ഷണങ്ങളും ഉപദേശങ്ങളും അദ്ദേഹം ധനം വായനക്കാര്‍ക്കായി പങ്കുവെച്ചു. അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍:
? താങ്കളുടെ കമ്പനി എന്തുകൊണ്ടാണ് ഇ.ടി.എഫ് അവതരിപ്പിച്ചത്.
ഒരു കൂട്ടം ഓഹരികളില്‍ നിക്ഷേപം നടത്തുന്നതും ഓഹരികള്‍ പോലെ വ്യാപാരം നടത്താനും കഴിയുന്ന നിക്ഷേപത്തിന്റെ ആധുനിക രൂപമാണ് ഇ.ടി.എഫുകള്‍. ഇതാണ് പുതിയ ട്രെന്‍ഡ്. ചെലവും അധികം വരുന്നില്ല, മാത്രമല്ല റീറ്റെയ്‌ല്‍ ഉപഭോക്താക്കള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് എന്നതും ഇ.ടി.എഫിന്റെ പ്രത്യേകതയാണ്. മാനേജ്‌മെന്റ് ഫീസും
കുറവാണ്. ഇത് അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ക്കും ഗുണകരമാണ്.
എന്താണ് MOSt Shares M50 ഇ.ടി.എഫിന്റെ പ്രത്യേകതകള്‍?
വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ കമ്പനികള്‍ക്ക് വെയിറ്റേജ് നല്‍കുമ്പോള്‍ വളര്‍ച്ചാ സാധ്യതയുള്ള കമ്പനികള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാതെ വരുന്നു. അതുകൊണ്ട് കമ്പനിയുടെ ഫണ്ടമെന്റല്‍സ് അനുസരിച്ച് വെയിറ്റേജ് നല്‍കിയാണ് MOSt 50 ഇ.ടി.എഫ് അവതരിപ്പിക്കുന്നത്. നിഫ്‌റ്റിയിലെ കമ്പനികളുടെ തന്നെ ഒരു `റീമിക്‌സാണിത്'. നിഫ്‌റ്റിയായിരിക്കും ഇതിന്റെ ബെഞ്ച് മാര്‍ക്ക്. നിഫ്‌റ്റിയില്‍ നിന്ന് കൂടിയോ കുറഞ്ഞോ എന്ന രൂപത്തിലായിരിക്കും ഫണ്ടിനെ വിലയിരുത്തുക.
ആഗോളസാഹചര്യവും മറ്റും കണക്കിലെടുത്ത് വിപണിയിലെ ചലനം എപ്രകാരമായിരിക്കും?
യൂറോപ്യന്‍ പ്രതിസന്ധികളെച്ചൊല്ലിയുള്ള ഭയം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയിലെ ചെറിയ മാറ്റങ്ങള്‍പോലും ഇന്ത്യന്‍ വിപണിയേയും ബാധിക്കും. ഈ പ്രതിസന്ധിക്ക് രണ്ട് വശങ്ങളുണ്ട്. അതില്‍ ഒന്ന് പ്രതിസന്ധിയെ തുടര്‍ന്ന് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്.ഐ.ഐ) ഇവിടേക്ക് വരില്ല എന്നതാണ്. എന്നാല്‍ അതിന്റെ മറ്റൊരു വശം അവിടങ്ങളിലെ വിപണികള്‍ തകരുമ്പോള്‍ അവര്‍ മറ്റ് വിപണികളെ ആശ്രയിക്കാന്‍ തുടങ്ങും എന്നതാണ്. അത് ഇന്ത്യയെ സംബന്ധിച്ച് അവസരമായി മാറുകയും ചെയ്യും. ഉല്‍പ്പന്ന വിലകള്‍ ഉയര്‍ന്നു നില്‍ക്കുന്നതും ഒരു പ്രശ്‌നമാണ്. ഇത് നിക്ഷേപകന്റെ `ഏര്‍ണിംഗ്‌സ് പവറിനെ' പ്രതികൂലമായി ബാധിക്കും. സമീപഭാവിയില്‍ ഇന്ത്യന്‍ വിപണിയില്‍ ചാഞ്ചാട്ടത്തിനാണ് സാധ്യത. കമ്പനികളുടെ പ്രകടനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇടയ്‌ക്കിടെയുള്ള കയറ്റത്തിനും സാധ്യതയുണ്ട്.
ഇന്ത്യന്‍ ടെലികോം മേഖലയില്‍ പെട്ടെന്നാണ് മാറ്റങ്ങള്‍ വരുന്നത്. റിലയന്‍സ് ടെലികോം മേഖലയിലേക്ക് വരുന്നു. ഈ മാറ്റങ്ങളെ എങ്ങനെയാണ് നിരീക്ഷിക്കുന്നത്?
ഏത് മേഖലയിലായാലും കൂടുതല്‍ മല്‍സരം വന്നാല്‍ ലാഭം കുറയും. റിലയന്‍സിന്റെ കാര്യത്തിലും ഇത് സത്യമാണ്. ടെലികോം മേഖലയില്‍ റിലയന്‍സിന്റെ വിജയസാധ്യത ഫിഫ്‌റ്റി - ഫിഫ്‌റ്റി (50:50) ആണ്. ആദ്യത്തെ പകുതിക്ക് കാരണം റിലയന്‍സ് അത്ര വലിയ കമ്പനിയാണ് എന്നതാണ്. എന്നാല്‍ ടെലികോം മേഖലയില്‍ പരിചയമില്ല എന്നത് പ്രശ്‌നമാകാന്‍ ഇടയുണ്ട്.
ഈ മാറ്റം റിലയന്‍സ് ഓഹരികളെ എങ്ങനെ ബാധിക്കും?
നേരത്തെ സൂചിപ്പിച്ചതുപോലെ കൂടുതല്‍ മല്‍സരം ലാഭം കുറയ്‌ക്കും. എന്നാല്‍ ടെലികോം മേഖലയിലേക്കുള്ള കമ്പനിയുടെ കടന്നുവരവ് റിലയന്‍സ് കമ്പനികളുടെ ഓഹരിവിലയില്‍ കാര്യമായ മാറ്റം വരുത്തുമെന്ന് കരുതുന്നില്ല.
പുതുക്കിയ നികുതി നിര്‍ദേശങ്ങള്‍ ഓഹരി വിപണിയെ എങ്ങനെ സ്വാധീനിക്കും? ഈ നിര്‍ദേശങ്ങള്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങളെ വിപണിയില്‍ നിന്ന് അകറ്റുമോ?
വിപണിയില്‍ ഇതിന്റെ പ്രത്യാഘാതം ഉണ്ടാകാന്‍ സാധ്യതയില്ല. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശിക്കുന്ന നികുതി വളരെ കുറവായതിനാല്‍ പുതിയ നിര്‍ദേശങ്ങള്‍ അവയ്‌ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ഇടയില്ല.
നിക്ഷേപകര്‍ക്കായി അഞ്ച് പാഠങ്ങള്‍
l നിക്ഷേപകന്‍, അയാള്‍ ഏത് തരക്കാരനായാലും വേണ്ട അടിസ്ഥാനപരമായ ഗുണം ശുഭാപ്‌തി വിശ്വാസിയായിരിക്കുക എന്നതാണ്.
l സൂചികകളുടെ പ്രകടനം മാത്രം നോക്കി നിക്ഷേപം നടത്തരുത്.
l സൂചികകള്‍ തകര്‍ന്നടിഞ്ഞപ്പോഴും പിടിച്ചുനിന്ന കമ്പനികളുണ്ട്. എപ്പോഴും കമ്പനിയുടെ `ഫണ്ടമെന്റല്‍' നിക്ഷേപത്തിന് അടിസ്ഥാനമായി സ്വീകരിക്കുക.
l ഒരു മേഖലയിലേക്ക് ഒന്നിലധികം കമ്പനികള്‍ കടന്നുവരുമ്പോള്‍ എപ്പോഴും ഓര്‍ക്കേണ്ട ഒന്നുണ്ട് - കൂടുതല്‍ മല്‍സരം ലാഭം കുറയ്‌ക്കും.
l നിക്ഷേപത്തിന് എപ്പോഴും പ്രൊഫഷണല്‍ സഹായം തേടുന്നതാണ് ബുദ്ധി. |
ഇപ്പോള്‍ ഏത് വിഭാഗം ഓഹരികളില്‍ നിക്ഷേപിക്കണം?
ബാങ്കിംഗ് ഓഹരികളില്‍ ഇപ്പോള്‍ നിക്ഷേപ അവസരമുണ്ട്. അവയെല്ലാം സാമ്പത്തികമായി ശക്തമാണ് എന്നതാണ് കാരണം. പ്രത്യേകിച്ച് എസ്.ബി.ഐ, കൂടാതെ സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പ് ബാങ്കുകളില്‍ നിക്ഷേപിച്ചാല്‍ മികച്ച നേട്ടത്തിന് സാധ്യതയുണ്ട്.
ഇന്ധനവില നിര്‍ണയം പടിപടിയായി സ്വതന്ത്രമാക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ എണ്ണക്കമ്പനികളില്‍ നിക്ഷേപിക്കാം. പൊതുമേഖലയിലെ എല്ലാ എണ്ണക്കമ്പനികളിലും ഇപ്പോള്‍ നല്ല നിക്ഷേപ അവസരമാണ്. താഴ്‌ന്ന നിലവാരത്തിലായതിനാല്‍ ടെലികോം കമ്പനികളിലും ഇപ്പോള്‍ നിക്ഷേപം നടത്താം.
ഇന്ത്യന്‍ സാഹചര്യത്തില്‍ വിപണിെയ ഏറ്റവും കൂടുതല്‍ സ്വാധീനിക്കാന്‍ ഇടയുള്ള ഘടകമേതാണ്?
മണ്‍സൂണ്‍ എപ്രകാരമായിരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും സമീപഭാവിയിലെ ഇന്ത്യന്‍ വിപണിയിലെ പ്രകടനം. വിപണിയില്‍ സ്വാധീനം ചെലുത്താന്‍ ഇടയുള്ള മറ്റൊരു പ്രധാന ഘടകം നാണയപ്പെരുപ്പമാണ്.
യുവാന്റെ മൂല്യനിര്‍ണയത്തിലെ മാറ്റങ്ങള്‍ ഇന്ത്യയെ എങ്ങനെ ബാധിക്കും?
ചൈന അവരുടെ കറന്‍സിയെ ഡോളറിനെതിരെ ശക്തിപ്പെടാന്‍ അനുവദിച്ചത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യക്ക് ഗുണകരമാകാനാണ് സാധ്യത. കയറ്റുമതിക്കാര്‍ക്ക് ഇത് നേട്ടമാകും. ഒന്ന് മുതല്‍ രണ്ട് ശതമാനം വരെ ഉയരാന്‍ അനുവദിച്ചതിനുശേഷം വീണ്ടും `യുവാന്‍' സ്ഥിരതയിലെത്തിക്കാനായിരിക്കും ചൈന ശ്രമിക്കുക.
സ്വര്‍ണത്തിന്റെ വില വര്‍ധന വിപണിയെ ദോഷകരമായി ബാധിക്കുന്നില്ലേ? സ്വര്‍ണത്തിന് അടുത്തിടെ വില തകര്‍ച്ചയ്‌ക്ക് സാധ്യതയുണ്ടോ?
ഓഹരി വിപണിയെ സംബന്ധിച്ച് രണ്ട് പ്രധാന വില്ലന്മാരാണുള്ളത്. അതില്‍ ഒന്ന് സ്വര്‍ണവും മറ്റൊന്ന് റിയല്‍ എസ്റ്റേറ്റുമാണ്. ഹ്രസ്വകാലത്തേക്ക് സ്വര്‍ണവില ഉയരാന്‍ തന്നെയാണ് സാധ്യത. എന്നാല്‍ വിലത്തകര്‍ച്ച ഉണ്ടാകും. അത് എന്ന് എന്ന കാര്യം കൃത്യമായി പറയാന്‍ കഴിയില്ല. അന്ന് ഗോള്‍ഡ് ഇ.ടി.എഫ് വഴി പാസീവായി നിക്ഷേപം നടത്തുന്നവരുടെയെല്ലാം കൈപൊള്ളും.
കേരളത്തില്‍ അടുത്തിടെയായി ഒരുപാട് ധനകാര്യസേവന സ്ഥാപനങ്ങള്‍ തുടങ്ങുന്നു. കേരളത്തിന് പുറത്തുള്ള സ്ഥാപനങ്ങള്‍ ഇവിടെ ശാഖകള്‍ തുടങ്ങുന്നു. ഈ മാറ്റം നല്ലതോ ചീത്തയോ?
റിലയന്‍സിന്റെ കാര്യത്തില്‍ നേരത്തെ സൂചിപ്പിച്ചത് തന്നെയാണ് ഇതിനുള്ള മറുപടി. ഏത് മേഖലയില്‍ ആയാലും കൂടുതല്‍ മല്‍സരം ലാഭം കുറയ്‌ക്കുകതന്നെ ചെയ്യും.
എന്തൊക്കെയാണ് മോട്ടിലാല്‍ ഓസ്‌വാളിന്റെ വിപുലീകരണ പദ്ധതികള്‍?
ഒരാഴ്‌ച രണ്ട് ഔട്ട്‌ലെറ്റുകള്‍ തുടങ്ങുക എന്നതാണ് കമ്പനിയുടെ നിലവിലെ ലക്ഷ്യം. ഇതുമായി വിജയകരമായി മുന്നോട്ടുപോകുന്നു.
ഇന്ത്യയില്‍ നിക്ഷേപ സംസ്‌കാരം വളര്‍ത്താന്‍ സെബിയും സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും പോലുള്ളവ കാര്യമായി പരിശ്രമിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു കുതിപ്പ് ഇതുവരെ ഉണ്ടായിട്ടില്ല. ഇതിന് എന്താണ് കാരണം?
ഇക്കാര്യത്തില്‍ മാധ്യമങ്ങളുടെ സ്വാധീനം വളരെ വലുതാണ്. ഇന്ത്യയിലെ മാധ്യമങ്ങള്‍ക്ക് എല്ലാം `സെന്‍സേഷണലൈസ്' ചെയ്യുന്നതിലാണ് താല്‍പ്പര്യം. ഇന്ത്യയിലേത് `നെഗറ്റീവ് മീഡിയയാണ്.'
കേരളത്തിലെ നിക്ഷേപകര്‍ക്കുള്ള ഉപദേശമെന്താണ്?
കേരളത്തിലെന്നല്ല എവിടെയായാലും നിക്ഷേപകനാണെങ്കില്‍ അയാള്‍ ശുഭാപ്‌തി വിശ്വാസിയായിരിക്കണം. അതുപോലെ തന്നെ പ്രധാനമാണ് നിക്ഷേപത്തില്‍ പ്രൊഫഷണല്‍ സഹായം തേടണം എന്നത്. സൂചികകളിലെ കയറ്റിറക്കങ്ങളില്‍ നിക്ഷേപകര്‍ പരിഭ്രാന്തരാകേണ്ടതില്ല. മികച്ച കമ്പനികള്‍ കണ്ടെത്തി നിക്ഷേപിക്കുക എന്നു മാത്രം.
കേരളത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ രാംദേവ് വാചാലനായി. ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണം കേരളത്തിന് എന്തുകൊണ്ടും ചേരും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നല്ല സ്ഥലങ്ങളും മികച്ച ഹോട്ടലുകളുമാണ് കേരളത്തിന്റെ പ്രത്യേകത. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്ഥലമാണ് `മൂന്നാര്‍' എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. |