?സഹകരണ പുനരുദ്ധാരണ പാക്കേജ് ഇപ്പോഴും ഒരു വലിയ പ്രശ്‌നമായി അവശേഷിക്കുകയാണല്ലോ. അത് അംഗീകരിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകളില്‍ അന്തിമ തീരുമാനം ആയിട്ടുണ്ടോ?
ഇല്ല. അതിന്റെ പൂര്‍ണ ഉത്തരവാദിത്തം നബാഡിനാണ്. നബാഡ് ഇക്കാര്യത്തില്‍ കള്ളക്കളി കളിക്കുകയാണ്. കൃഷിക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ വായ്‌പ കൊടുക്കാനുള്ള സ്ഥാപനമാണത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഇതിലേക്കായി നബാഡ് ഒരു പൈസ പോലും തന്നിട്ടില്ല. ഞങ്ങള്‍ 1000 കോടിയാണ് ചോദിച്ചത്. ഞാന്‍ മന്ത്രിയാകുമ്പോള്‍ രണ്ട് ശതമാനമായിരുന്ന അവരുടെ പലിശ ഇപ്പോള്‍ 4.5 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ അന്നും ഇന്നും സഹകരണ മേഖലയിലെ കാര്‍ഷിക വായ്‌പയുടെ പലിശനിരക്ക് ഏഴ് ശതമാനമാണ്. നബാഡ് 2.5 ശതമാനം പലിശ ഉയര്‍ത്തിയെങ്കിലും ഞങ്ങളത് വര്‍ധിപ്പിച്ചില്ല. സഹകരണ മേഖലയിലെ കാര്‍ഷിക വായ്‌പകളില്‍ 40 ശതമാനമായിരുന്ന നബാഡിന്റെ വിഹിതം പിന്നീട് 30 ശതമാനമായി കുറഞ്ഞെങ്കിലും ഇപ്പോള്‍ അതും ലഭിക്കാത്ത സ്ഥിതിയാണ്. അതിനാല്‍ സ്വന്തം ഫണ്ടാണ് ഞങ്ങള്‍ ഇപ്പോള്‍ കൊടുത്തുകൊണ്ടിരിക്കുന്നത്.
ഇത് എന്തുകൊണ്ടാണെന്ന് നബാഡ് വിശദീകരിച്ചിട്ടില്ലേ?
അതിന് ഒരു ന്യായീകരണവും അവര്‍ പറയുന്നില്ല. അവര്‍ വലിയ പാലങ്ങള്‍, റോഡുകള്‍ എന്നിവയിലൊക്കെയാണ് നിക്ഷേപിക്കുന്നത്. അവര്‍ക്ക് അതിലാണ് താല്‍പ്പര്യം. അതിനൊക്കെ വേറൊരു ഡിവിഷനാണ് വേണ്ടത്. കൃഷിക്കാരുടെ പൈസ എടുത്ത് അവിടെ കൊടുക്കരുത്. വൈദ്യനാഥന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് കേന്ദ്രം ഒരു ടാസ്‌ക് ഫോഴ്‌സിനെവെച്ച് പരിശോധിപ്പിച്ച് പാക്കേജില്‍ ഒട്ടേറെ ഭേദഗതികള്‍ പിന്നീട് വരുത്തുകയുണ്ടായി. കേരളം ഉള്‍പ്പടെ രണ്ട് സംസ്ഥാനങ്ങള്‍ മാത്രമേ ഇനി അതില്‍ ഒപ്പ് വെക്കാനുള്ളൂ. എനിക്കതില്‍ ഒപ്പ് വെക്കണമെന്നുണ്ടെങ്കിലും കേരളം അതില്‍ ഒപ്പ് വെക്കുന്നില്ലെന്ന് പ്രചരണം നടത്തുന്നതിലാണ് നബാഡിന് താല്‍പ്പര്യം. ഉമ്മന്‍ചാണ്ടിയുടെ കാലത്തുവന്ന ഈ പാക്കേജില്‍ ഒപ്പുവെക്കാനാകില്ലെന്നും കേരളത്തിന് ഇക്കാര്യത്തില്‍ ഇളവ് വേണമെന്നും അദ്ദേഹം കേന്ദ്രത്തിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഗവണ്‍മെന്റും അതുതന്നെയാണ് ആവശ്യപ്പെടുന്നത്. മൂന്നര വര്‍ഷം വരെ ഞങ്ങള്‍ അതിനായി കാത്തിരുന്നു.
പാക്കേജ് അംഗീകരിക്കുന്നതിനായി കേരളം ആവശ്യപ്പെട്ടിട്ടുള്ള ഇളവുകള്‍ എന്തൊക്കെയാണ്?
അഞ്ച് വര്‍ഷത്തെ മോറട്ടോറിയമാണ് ഒരാവശ്യം. അതായത് ബാങ്കിംഗ് രംഗത്ത് കേരളത്തില്‍ ഇപ്പോള്‍ നിലവിലുള്ള സ്ഥിതി അഞ്ച് വര്‍ഷത്തേക്ക് തുടര്‍ന്നശേഷം പിന്നീട് പാക്കേജിലേക്ക് വരാമെന്നതാണ് ഒരു നിര്‍ദേശം. അല്ലെങ്കില്‍ പ്രസ്‌തുത നിബന്ധനകളില്‍ നിന്നും കേരളത്തിന് സ്ഥിരമായ ഒഴിവ് നല്‍കുക. ഇതിന് രണ്ടിനും യാതൊരു പ്രതികരണവുമില്ല. ബാക്കിയെല്ലാ കാര്യങ്ങളും ഞങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. ഉദാഹരണമായി കഴിഞ്ഞ ബജറ്റ് സമ്മേളനത്തില്‍ അര്‍ബന്‍ സഹകരണ ബാങ്കുകളുടെ ഡയറക്‌റ്റര്‍ ബോര്‍ഡില്‍ രണ്ട് പ്രൊഫഷണലുകള്‍ വേണമെന്ന നിയമം കൊണ്ടുവന്നു. അത് അവരുടെ ശുപാര്‍ശയാണ്. എല്ലാ സഹകരണ സ്ഥാപനങ്ങളുടെയും ഡയറക്‌റ്റര്‍ ബോര്‍ഡില്‍ ഒരു സ്‌ത്രീ പ്രതിനിധി ഉണ്ടായിരുന്നത് ഇനി മുതല്‍ മൂന്ന് ആയി ഉയര്‍ത്തിയിട്ടുണ്ട്. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 22,000 വാര്‍ഡുകളിലായി 11,000 സ്‌ത്രീ പ്രതിനിധികള്‍ മാത്രമേയുള്ളൂ. എന്നാല്‍ 25,000 സഹകരണ സ്ഥാപനങ്ങളിലായി 75,000 ഭരണസമിതി അംഗങ്ങള്‍ സ്‌ത്രീകളായിരിക്കും.
പാക്കേജില്‍ ഒപ്പുവെച്ചാല്‍ കേരളത്തിന് ഏറെ പ്രയോജനം ലഭിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടല്ലോ?
പാക്കേജില്‍ ഒപ്പുവെച്ചാല്‍ 1500 കോടി കിട്ടുമെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയുന്നത്. സഹകരണ മേഖലയെക്കുറിച്ച് അറിവില്ലാതെ പറയുന്നതാണിത്. ഞങ്ങള്‍ കണക്കുകൂട്ടി നോക്കിയപ്പോള്‍ ആകെ കിട്ടുന്നത് 600 കോടി മാത്രമാണ്. പക്ഷെ ഈ 600 കോടി കിട്ടുമ്പോള്‍ 65000 കോടിയങ്ങ് പോകും. പിന്നെ ബാങ്കിംഗ് ഇല്ല. ചെക്ക് ഉപയോഗിക്കാന്‍ പറ്റില്ല. ബാങ്ക് എന്ന പേര് മാറ്റണം. 1605 പ്രൈമറി ബാങ്കുകളും ബാക്കിയുള്ള ക്രെഡിറ്റ് സൊസൈറ്റികള്‍ക്കും ചെക്ക് ഉപയോഗിക്കാനാവില്ല. അതോടെ നിക്ഷേപം പൂര്‍ണമായി പോകും. 60,000 ഓളം ജീവനക്കാരുടെ കഥ കഴിയും. നിക്ഷേപവും വായ്‌പയുമില്ലാതെ എവിടെനിന്നാണ് വരുമാനം ലഭിക്കുക? കേരളത്തിന്റെ തകര്‍ച്ചയ്‌ക്ക് തന്നെ ഇതിടയാക്കും.
ഇക്കാര്യങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടില്ലേ?
ഇതേക്കുറിച്ച് ഞങ്ങള്‍ ഒരു ടീമായി ധനകാര്യമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജിയുമായി വിശദമായ ചര്‍ച്ച നടത്തുകയുണ്ടായി. ഇക്കഴിഞ്ഞ ഡിസംബറില്‍ ഉന്നതതല ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതോടെ നബാഡ് അടിയന്തിരമായി ഇക്കാര്യം സംസ്ഥാന ഗവണ്‍മെന്റുമായി ചര്‍ച്ച ചെയ്യണമെന്നും അതിലെ തീരുമാനം മന്ത്രിസഭയുടെ അംഗീകാരം വേണ്ടതാണെങ്കില്‍ അതൊരു കാബിനറ്റ് ഐറ്റമായി മുന്നോട്ടുവെക്കണമെന്നും ധനമന്ത്രി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇന്നേവരെ അത്തരമൊരു ചര്‍ച്ച ഉണ്ടായിട്ടില്ല. നബാഡാണിത് പൊളിച്ചത്. ഇതിനിയും നീട്ടിക്കൊണ്ടുപോകാതെ പാക്കേജില്‍ ഒപ്പിടുന്നതാണ് എനിക്കിഷ്ടം. പക്ഷെ ബാങ്കിംഗ് തകരാന്‍ പാടില്ലെന്നതാണ് പ്രധാന പ്രശ്‌നം.
ആര്‍ക്കാണ് ഇക്കാര്യത്തില്‍ വീഴ്‌ച പറ്റിയത്?
നബാഡിന്റെ കേരളത്തിലെ റീജണല്‍ ഓഫീസ് സംസ്ഥാനത്തിന് ഗുണകരമല്ല. മുന്‍പത്തെപ്പോലെയല്ല, ഇപ്പോള്‍ അവര്‍ കേരളത്തിന് ദോഷം മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ. അവരുടെ നയമതാണ്. കേരളത്തിലെ കോ-ഓപ്പറേറ്റിവ് മൂവ്‌മെന്റിന്റെ വളര്‍ച്ച നബാഡിന് ഇഷ്ടപ്പെടുന്നില്ല. കൃഷിക്കാര്‍ക്ക് ലോണ്‍ കൊടുക്കാത്ത നബാഡ് പിരിച്ചുവിടണമെന്നാണ് എന്റെ അഭിപ്രായം.
അനധികൃത വായ്‌പകളിലൂടെ പ്രതിസന്ധിയിലായ സംസ്ഥാന സഹകരണ ബാങ്കിന്റെ സാമ്പത്തിക സ്ഥിതി ഇപ്പോള്‍ എത്രമാത്രം മെച്ചപ്പെട്ടിട്ടുണ്ട്?
അനധികൃത വായ്‌പകളില്‍ നടപടി എടുത്തതിന്റെ ഫലമായി കുറച്ച് പണം തിരികെ വന്നു. എന്നാല്‍ മുഴുവന്‍ പണവും കിട്ടിയിട്ടില്ല. അതിന്റെ കേസുകള്‍ നടക്കുകയാണ്. അതിനാല്‍ ബാങ്കിന്റെ സാമ്പത്തിക സ്ഥിതി ഇപ്പോഴും നല്ലതല്ല. നിക്ഷേപം 8000 കോടിയുണ്ടെങ്കിലും വേണ്ടത്ര വായ്‌പ പോയിട്ടില്ല. ബ്രാഞ്ച് മാനേജര്‍മാര്‍ വായ്‌പ നല്‍കാത്തതാണ് കാരണം. ബാങ്കിന്റെ പ്രസിഡന്റായ കോലിയക്കോട് കൃഷ്‌ണന്‍നായര്‍ ശക്തമായ പല നടപടികളും സ്വീകരിക്കുന്നുണ്ട്. പക്ഷെ നബാഡിന്റെ സമ്മര്‍ദവും ഉദ്യോഗസ്ഥര്‍ വായ്‌പ നല്‍കാത്തതും മുന്‍കാല കുടിശികയും കേസുകള്‍ അവസാനിക്കാത്തതുമൊക്കെ കാരണം പ്രതിസന്ധിയില്‍ നിന്ന് പൂര്‍ണമായി ബാങ്ക് കരകയറിയിട്ടില്ല. ഇതേക്കുറിച്ച് പഠിക്കാനായി ഒരു ധനകാര്യ വിദഗ്‌ധനെ ഏകാംഗ കമ്മീഷനായി നിയമിക്കുന്നതാണ്.
ബാങ്കിന്റെ വായ്‌പാ വിതരണത്തില്‍പ്പോലും താങ്കള്‍ക്ക് ശക്തമായി ഇടപെടേണ്ട സാഹചര്യമുണ്ടായിട്ടുണ്ടല്ലോ? എന്തുകൊണ്ടാണിത്?
കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയുടെ തെറ്റായ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ഈ ഗവണ്‍മെന്റ് ചില തീരുമാനങ്ങള്‍ എടുത്ത് പ്രഖ്യാപിച്ചിരുന്നു. അത് ലംഘിച്ചുകൊണ്ട് വായ്‌പ കൊടുക്കാനൊരുങ്ങിയപ്പോഴാണ് ബാങ്കിന്റെ പ്രസിഡന്റുമായി ഞങ്ങള്‍ ബന്ധപ്പെട്ട് അത് നിര്‍ത്തലാക്കിയത്. ഏറ്റെടുക്കല്‍ ലോണുകളൊന്നുംതന്നെ സംസ്ഥാന ബാങ്കിന് വേണ്ടെന്നതാണ് നയം. മറ്റ് ബാങ്കുകളുടെ വായ്‌പകളുടെ തിരിച്ചടവില്‍ വീഴ്‌ച വരുമ്പോള്‍ അവരെ രക്ഷിക്കാനായി ഇവിടത്തെ പാവപ്പെട്ടവരുടെ പണം എടുത്തുകൊണ്ടുപോയി അവിടെ അടയ്‌ക്കുന്ന സംവിധാനമാണത്. ഒടുവില്‍ ഇവിടെയും പണം അടയ്‌ക്കില്ലെന്നത് ഉറപ്പാണ്.
സംസ്ഥാനത്തെ സഹകരണ ബാങ്കിംഗ് മേഖലയില്‍ കഴിഞ്ഞ നാല് വര്‍ഷംകൊണ്ട് എന്തൊക്കെ നേട്ടങ്ങള്‍ കൈവരിക്കാന്‍ താങ്കള്‍ക്ക് സാധിച്ചു?
2006 മേയ് മാസം ഞങ്ങള്‍ അധികാരത്തില്‍ എത്തുമ്പോള്‍ ആദ്യം നേരിട്ട പ്രശ്‌നം സംസ്ഥാനത്തെ 3000 ക്രെഡിറ്റ് സൊസൈറ്റികളില്‍ വേണ്ടത്ര നിക്ഷേപമില്ലാത്തതിനാല്‍ വായ്‌പ കൊടുക്കാനാകുന്നില്ല എന്നതായിരുന്നു. ആകെ നിക്ഷേപമായ 20234 കോടി രൂപയില്‍ 17,000 കോടി രൂപയ്‌ക്ക് താഴെയായിരുന്നു വായ്‌പ. ദേശീയ ബാങ്കുകളും ന്യൂ ജനറേഷന്‍ ബാങ്കുകളും വന്‍തോതില്‍ നിക്ഷേപ സമാഹരണം നടത്തിയപ്പോള്‍ സഹകരണ മേഖലയില്‍ നിന്നും നിക്ഷേപം ചോര്‍ന്നുപോകുകയായിരുന്നു. അത് തടയാനും നിക്ഷേപാടിത്തറ ശക്തിപ്പെടുത്താനുമായി 2006 ജൂലൈയില്‍ സഹകരണ നിക്ഷേപം - കേരളീയം എന്നൊരു പദ്ധതി ഞങ്ങള്‍ നടപ്പാക്കി. സാധാരണ മാര്‍ച്ച് മാസത്തിലുള്ള നിക്ഷേപ സമാഹരണത്തിന് പുറമെ കേരളപ്പിറവിയോട് അനുബന്ധിച്ച് എല്ലാ നവംബര്‍ മാസത്തിലും പുതിയ പദ്ധതിയിലൂടെയുള്ള നിക്ഷേപ സമാഹരണവും ശക്തമാക്കി. 34 ശതമാനമായിരുന്നു സഹകരണമേഖലയിലെ കുടിശിക. അതിനാല്‍ എല്ലാ വര്‍ഷവും ഫെബ്രുവരിയില്‍ പ്രത്യേക ഇളവുകളോടെ കുടിശിക നിവാരണ പദ്ധതി നടപ്പാക്കി.
ഈ പരിപാടികള്‍ വിജയകരമായിരുന്നോ?
ഇവയൊക്കെ വന്‍ വിജയമായതിന്റെ ഫലമായി മൊത്തം നിക്ഷേപം 20234 കോടിയില്‍ നിന്ന് 65,000 കോടിയായി ഉയര്‍ന്നു. മൂന്നിരട്ടിയിലേറെയുണ്ടായ ഈ വര്‍ധന ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. നിക്ഷേപങ്ങള്‍ക്കുള്ള പലിശ കൂടിയതിന്റെ ഫലമായി നിക്ഷേപകര്‍ക്ക് മറ്റ് ധനകാര്യസ്ഥാപനങ്ങളെക്കാള്‍ 0.5 മുതല്‍ ഒരു ശതമാനം വരെ ഉയര്‍ന്ന പലിശ ലഭിക്കുന്ന സാഹചര്യമുണ്ടാക്കി. നിക്ഷേപാനുപാതം 92 ശതമാനമായി. 58,000 കോടി രൂപയാണ് ഈ മേഖലയില്‍ നിന്നുള്ള വായ്‌പ. നിഷ്‌ക്രിയ ആസ്‌തിയുടെ സംസ്ഥാന ശരാശരി നിരക്ക് 15 ശതമാനത്തിലേക്ക് കുറച്ചുകൊണ്ടുവരാനും സാധിച്ചു.
സഹകരണ മേഖലയിലെ ഈ ഉയര്‍ന്ന നിക്ഷേപത്തെ സംസ്ഥാനത്തിന്റെ വികസന പ്രക്രിയയില്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താനാകുന്നുണ്ടോ?
തീര്‍ച്ചയായും. ഇ.എം.എസ് ഭവന നിര്‍മാണ പദ്ധതിക്കായി 10 ശതമാനം നിരക്കില്‍ 4000 കോടി രൂപയാണ് കൊടുത്തിട്ടുള്ളത്. അഞ്ച് ലക്ഷം പേര്‍ക്കാണ് ഇതിലൂടെ വീടുണ്ടായിരിക്കുന്നത്. ഗവണ്‍മെന്റാണിതിന്റെ പലിശ തരുന്നത്. ഗുണഭോക്താവല്ല. എം.എന്‍ ഭവന നിര്‍മാണ പദ്ധതിക്ക് 500 കോടി രൂപ കൊടുക്കുന്നുണ്ട്. റബ്‌കോയുടെ വികസനത്തിന് 100 കോടിയും നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കാനായി കണ്‍സ്യൂമര്‍ ഫെഡിന് 100 കോടിയും കൊടുക്കുന്നുണ്ട്. കേപ്പിന് (കോപ്പറേറ്റീവ് അക്കാദമി ഫോര്‍ പ്രൊഫഷണല്‍ എഡ്യുക്കേഷന്‍) എറണാകുളം ജില്ലാ ബാങ്ക് 60 കോടിയും ആലപ്പുഴ ജില്ലാ ബാങ്ക് അവിടത്തെ കോപ്പറേറ്റീവ് ഹോസ്‌പിറ്റലിനും എന്‍ജിനീയറിംഗ് കോളെജിനുമായി 20 കോടിയും കൊടുക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി നെല്‍കൃഷിക്ക് പലിശരഹിത വായ്‌പയായി 150 കോടി നല്‍കിയിട്ടുണ്ട്. എന്‍ജിനീയറിംഗ് കോളെജ്, പാലങ്ങള്‍, ഐ.റ്റി പാര്‍ക്ക് എന്നിവ ഉള്‍പ്പടെ അടിസ്ഥാന സൗകര്യ വികസനരംഗത്ത് നൂറനാട് കോപ്പറേറ്റീവ് സൊസൈറ്റി 100 കോടിയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് 40ഓളം പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ സ്ഥാപനങ്ങള്‍ സഹകരണ മേഖലയിലെ പണം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അടുത്ത ഒരു വര്‍ഷം കൊണ്ട് സഹകരണ മേഖലയിലെ മൊത്തം നിക്ഷേപം 75,000 കോടിയായി വര്‍ധിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇന്ത്യയൊട്ടാകെ ഈ മേഖലയിലുള്ള നിക്ഷേപം ഒരു ലക്ഷം കോടിയില്‍ താഴെയാണ്. അതില്‍ 65 ശതമാനം വിഹിതവും നമ്മുടേതാണ്.
കാര്‍ഷിക മേഖലയിലും പൊതുവിതരണ രംഗത്തും സഹകരണമേഖലയുടെ ഇടപെടല്‍ എത്രമാത്രം ശക്തമാണ്?
കഴിഞ്ഞ ഗവണ്‍മെന്റ് 4000 കോടിയോളം രൂപ കാര്‍ഷിക വായ്‌പയായി നല്‍കിയെങ്കിലും അതില്‍ 1000 കോടി മാത്രമായിരുന്നു യഥാര്‍ത്ഥ കാര്‍ഷിക വായ്‌പ. ഇതിന് പരിഹാരമായി പഞ്ചായത്തടിസ്ഥാനത്തില്‍ ഞങ്ങള്‍ കമ്മിറ്റി രൂപീകരിച്ചതോടെ കള്ള വായ്‌പ കുറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷമായി ഏകദേശം 8000 കോടി രൂപയാണ് ഈ രംഗത്ത് വായ്‌പയായി നല്‍കിയത്. ഒരു വര്‍ഷം 5000 കോടി വരെ കൊടുക്കാന്‍ ഞങ്ങള്‍ തയാറാണെങ്കിലും അതിലേക്ക് എത്തുന്നില്ല. കൃഷി ഭൂമി കുറഞ്ഞതും കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ സഹകരണ വകുപ്പുമായി യോജിച്ച് അവര്‍ക്ക് വായ്‌പ വാങ്ങി നല്‍കാത്തതുമാണ് ഇതിന് കാരണം. നമ്മുടെ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം വാട്ടര്‍ടൈറ്റ് കംപാര്‍ട്ട്‌മെന്റ് പോലെയാണ്. ചില സഹകരണ ബാങ്ക് ഉദ്യോഗസ്ഥര്‍ പലിശ കുറവായതിനാല്‍ വായ്‌പ കൊടുക്കുകയുമില്ല. സഹകരണ മേഖലയിലും ബ്യൂറോക്രസിയുടെ കടന്നുകയറ്റം ഉണ്ടായിട്ടുണ്ട്. കാര്‍ഷിക വായ്‌പ കൊടുക്കാത്ത മൂന്ന് പ്രൈമറി ബാങ്കുകളെ അടുത്തകാലത്ത് വെറും സൊസൈറ്റികളായി തരംതാഴ്‌ത്തിയിട്ടുണ്ട്.
ഓരോ മണ്ഡലത്തിലും ഒരു ത്രിവേണി സ്റ്റോറാണ് ഞങ്ങളുടെ ലക്ഷ്യം. ഇപ്പോള്‍ അവ 124 ആയി. ഇനിയുള്ള 16 മണ്ഡലങ്ങളില്‍ വരുന്ന ഓഗസ്റ്റോടെ അവ നിലവില്‍ വരും. സംസ്ഥാനത്തൊട്ടാകെ 10,000 സഹകരണ വിപണന കേന്ദ്രങ്ങളാണ് മറ്റൊരു ലക്ഷ്യം. ഇപ്പോള്‍ ത്രിവേണിയും നീതി സ്റ്റോറുമായി 1200 എണ്ണമുണ്ട്. നീതി മെഡിക്കല്‍ സ്റ്റോറുകള്‍ 476 ആയി. അഞ്ച് വര്‍ഷംകൊണ്ട് ഇവയൊക്കെ വ്യാപകമാക്കിയാല്‍ മികച്ചൊരു ബദല്‍ സംവിധാനമാകും. ഓണം, റംസാന്‍, ക്രിസ്‌മസ് തുടങ്ങിയ വിശേഷാവസരങ്ങളിലായി 46,000 ഔട്ട്‌ലെറ്റുകളിലൂടെ 600 കോടി രൂപയുടെ വില്‍പ്പനയും 270 കോടി രൂപയുടെ സബ്‌സിഡിയും നല്‍കി. ഇനി മുതല്‍ വിശേഷാവസരങ്ങളില്‍ 14,000 പുതിയ ഔട്ട്‌ലെറ്റുകള്‍ കൂടി തുറക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിട്ടിരിക്കുന്നത്.
സഹകരണ ബാങ്കുകളെ പ്രൊഫഷണലൈസ് ചെയ്യാനായി എന്തൊക്കെ നടപടികളാണ് ഉദ്ദേശിക്കുന്നത്?
ഭൂരിഭാഗം ബാങ്കുകളും കംപ്യൂട്ടറൈസ് ചെയ്‌തുകഴിഞ്ഞു. കൊല്ലൂവിള ബാങ്കില്‍ മൊബീല്‍ ബാങ്കിംഗ് തുടങ്ങുന്നു. എ.റ്റി.എം സ്ഥാപിക്കാനൊരുങ്ങുന്ന പ്രൈമറി ബാങ്കുകളുണ്ട്. ഇതിനുപുറമെ എല്ലാ സഹകരണ ബാങ്കുകളെയും ചേര്‍ത്തുകൊണ്ട് ഒരു കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് സ്ഥാപിക്കാനും ആലോചിക്കുന്നു. സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥന്മാരില്‍ 95 ശതമാനവും പ്രൊഫഷണല്‍ അല്ല. പക്ഷെ വകുപ്പിന്റെ തലപ്പത്തുള്ള പ്രവര്‍ത്തനം മെച്ചപ്പെടുത്തിയിട്ടുണ്ട്. സൊസൈറ്റികളിലെ ജീവനക്കാര്‍ പൊതുവെ ഭേദമാണ്. കാരണം വായ്‌പ കൊടുക്കാതെ അവര്‍ക്ക് നിലനില്‍പ്പില്ല. പണിയെടുക്കാത്ത, സാധാരണക്കാരോട് സ്‌നേഹമില്ലാത്ത ഏറ്റവും കൂടുതല്‍ മോശപ്പെട്ട ജീവനക്കാരുള്ളത് സംസ്ഥാന സഹകരണ ബാങ്കിലാണ്. കാരണം ഉയര്‍ന്ന ശമ്പളമാണ് അവര്‍ക്ക് ലഭിക്കുന്നത്. ഒന്നും പേടിക്കാനില്ല. പക്ഷെ ബാങ്കിന്റെ അടിത്തറ തകരുന്നത് അവര്‍ അറിയുന്നില്ല. ഏതൊരു ബാങ്കിലും മാനേജര്‍മാര്‍ക്ക് ബിസിനസ് ലക്ഷ്യമുണ്ട്. അവിടെ ഇതൊന്നുമില്ല. സെക്രട്ടറിയേറ്റിലെ ബ്യൂറോക്രസിയോട് അടുത്തുനില്‍ക്കുന്ന മനോഭാവമുള്ളവരാണ് അവിടത്തെ നല്ലൊരു വിഭാഗം ജീവനക്കാരും. വലിയൊരു പുനഃസംഘടനയും പുനര്‍ വിദ്യാഭ്യാസവുമൊക്കെ അവിടത്തെ ജീവനക്കാര്‍ക്കിടയില്‍ വേണം. അതിന് അവരുടെ സംഘടനകള്‍ തന്നെ മുന്‍കൈ എടുക്കേണ്ടതുണ്ട്.
വിദ്യാഭ്യാസം, ഉല്‍പ്പാദനം തുടങ്ങിയ മേഖലകളില്‍ സഹകരണമേഖല നടത്തുന്ന പ്രവര്‍ത്തനത്തെയും പുതിയ പദ്ധതികളെയും കുറിച്ച് വിശദീകരിക്കാമോ?
ഒരു നിയോജക മണ്ഡലത്തില്‍ ഏതെങ്കിലും ഒരു മേഖലയില്‍ ഒരു പ്രൊഫഷണല്‍ കോളെജാണ് ഞങ്ങളുടെ ലക്ഷ്യം. പക്ഷെ അത് കേരളത്തിലെ പല രാഷ്ട്രീയക്കാര്‍ക്കും മനസിലായിട്ടില്ല. പ്രൊഫഷണല്‍ കോളെജ് എന്നാല്‍ എന്‍ജിനീയറിംഗ് കോളെജ് എന്നാണ് പലരുടെയും ധാരണ. ഈയൊരു ലക്ഷ്യം കൈവരിക്കുന്നതോടെ വിദ്യാഭ്യാസ രംഗത്തെ കച്ചവടം അവസാനിക്കും. രണ്ട് മെഡിക്കല്‍ കോളെജ്, ഒരു ഡെന്റല്‍ കോളെജ്, 16 ബി.എസ്.സി നേഴ്‌സിംഗ് കോളെജുകള്‍, ആറ് എന്‍ജിനീയറിംഗ് കോളെജ്, നാല് എം.ബി.എ ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവ ഉള്‍പ്പടെ 40 ഓളം പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ സ്ഥാപനങ്ങള്‍ ഈ മേഖലയിലുണ്ട്. ഇവയിലെല്ലാം കൂടിയുള്ള 16,000 സീറ്റുകളില്‍ 9000 ഉം കേപ്പിലാണ്. ഫീസിലും എന്‍ട്രന്‍സ് ലിസ്റ്റിലുമൊക്കെ ഗവണ്‍മെന്റുമായി യാതൊരു പ്രശ്‌നവുമില്ലാതെ മുന്നോട്ടു പോകുകയാണ് സഹകരണ മേഖല. ഉല്‍പ്പാദന രംഗത്ത് സംഭരണം, സംസ്‌കരണം, എന്നിവക്ക് പുറമെ ഈ വര്‍ഷം വിപണനത്തിന് കൂടി പ്രാമുഖ്യം നല്‍കും. വെളിച്ചെണ്ണ ഉല്‍പ്പാദിപ്പിക്കുന്ന ഏഴ് സൊസൈറ്റികള്‍ ഇപ്പോഴുണ്ട്. അത്തരം 100 സൊസൈറ്റികള്‍ ഉണ്ടാക്കിയശേഷം അവരെ കോര്‍ത്തിണക്കിക്കൊണ്ട് ത്രിവേണി ബ്രാന്‍ഡില്‍ വെളിച്ചെണ്ണ വിപണിയില്‍ എത്തിക്കുന്നതാണ്. അതോടൊപ്പം കേരഫെഡിന്റെ വെളിച്ചെണ്ണയും വാങ്ങി വില്‍ക്കുന്നതാണ്. ടൂറിസം രംഗത്തെ കോപ്പറേറ്റിവ് സൊസൈറ്റികളുടെ എണ്ണം രണ്ടില്‍ നിന്ന് 12 ആയി വര്‍ധിച്ചു. സിനിമ-ടെലിവിഷന്‍ രംഗത്തും സൊസൈറ്റികള്‍ രൂപീകൃതമായിട്ടുണ്ട്. സ്‌കൂളുകളില്‍ മാത്രം 4000 സൊസൈറ്റികളാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ സമസ്‌ത മേഖലകളിലും സഹകരണ മേഖല അതിന്റെ സാന്നിധ്യം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
|